ഐപിഎൽ സെപ്തംബർ 26ന്? മുംബൈയിൽ മത്സരമില്ലെന്ന് റിപ്പോർട്ട്

ipl may start on September 26

ഐപിഎൽ സീസൺ ഈ വർഷം സെപ്തംബർ 26ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 26ന് ആരംഭിച്ച് നവംബർ 8ന് അവസാനിക്കും വിധമാണ് ഐപിഎൽ നടക്കുക എന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ടി-20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നതിനനുസരിച്ചാവും ഐപിഎലിൻ്റെ ഭാവി എന്നും റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്ട്രയിലും, പ്രത്യേകിച്ച് മുംബൈയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ മത്സരങ്ങൾ ഉണ്ടാവില്ല. ചെന്നൈയോ ബാംഗ്ലൂരോ ആവും ഉദ്ഘാടന മത്സരത്തിനു വേദിയാവുക. കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടത്തുന്നത് ഒഴിവാക്കി ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലായി ലീഗ് നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. മുംബൈയിൽ സ്ഥിതി മെച്ചപ്പെട്ടാൽ ലീഗിൻ്റെ രണ്ടാം പാദം നടത്താനുള്ള സാധ്യതയും ബിസിസിഐ തള്ളിക്കളയുന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നേരത്തെ, കലൂരിൽ മത്സരങ്ങൾ നടത്താനുള്ള സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

സെപ്തംബർ-ഒക്ടോബർ സീസണിൽ ഐപിഎൽ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ തീരുമാനം അറിയാനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി തീരുമാനം ഉണ്ടാവുമെന്ന് ബ്രിജേഷ് പട്ടേൽ അറിയിച്ചു. കാണികൾ ഇല്ലാതെയാവും മത്സരങ്ങൾ നടത്തുക. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേ സമയം, ഐപിഎൽ നടത്താനുള്ള സാധ്യതകൾ ബിസിസിഐ പരിശോധിക്കുകയാണെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് വിലക്കില്ല എന്നാണ് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം. ആരാധകരും ഫ്രാഞ്ചൈസികളും ഐപിഎൽ നടത്തിപ്പിനെക്കുറിച്ച് ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണെന്നും, അന്തിമ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights- ipl may start on September 26

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top