കൊവിഡ് കാലത്തെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ല; ഇളവുകൾ നൽകി കെഎസ്ഇബി

ഗാർഹിക ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകൾ നൽകി കെഎസ്ഇബി. കൊവിഡ് കാലത്തെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ബിൽ മൂന്നു തവണകളായി അടയ്ക്കാം. ആദ്യതവണ 50 ശതമാനം, 25 ശതമാനം വീതം രണ്ടുതവണ എന്നിങ്ങനെയാണ് അടയ്‌ക്കേണ്ടത്. കൂടുതൽ തവണ ആവശ്യമെങ്കിൽ ആലോചിക്കുമെന്ന് ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു. മേയ് 16 വരെ പലിശ ഉണ്ടാകില്ലെന്നും ആവശ്യമെങ്കിൽ പലിശ ഇളവ് ഒഴിവാക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഗാർഹികേതര ഉപഭോക്താക്കൾ 70 ശതമാനം അടച്ചാൽ മതി. ഉപയോഗം കുറവാണെങ്കിൽ ബില്ലിൽ കുറയ്ക്കുമെന്നും കെഎസ്ഇബി ചെയർമാർ പറഞ്ഞു.
Read Also : കഴിഞ്ഞ ബില്ലിലെ 70 ശതമാനം തുക ഈ മാസം ഉപയോക്താക്കൾ അടച്ചാൽ മതി; കെഎസ്ഇബി ഹൈക്കോടതിയിൽ
നേരത്തെ പ്രതിമാസ ബില്ലിങ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതു താൽപര്യ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ബില്ലിലെ 70 ശതമാനം തുക ഈ മാസം ഉപയോക്താക്കൾ അടച്ചാൽ മതിയാകുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഉപഭോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി സത്യവാങ്മൂലത്തിൽ പറഞ്ഞു. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലാണ് നൽകിയതെന്നും ഹൈക്കോടതിയിൽ കെഎസ്ഇബി സത്യവാങ്മൂലം നൽകി. കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി.
Story Highlights- kseb , electricity bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here