ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കാസർഗോഡ് 108 ആംബുലൻസ് ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു

കാസർഗോഡ് 108 ആംബുലൻസ് ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഒൻപത് മാസമായി കൃത്യമായ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 108 ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്കം ജില്ലയിലെ കൊവിഡ് പ്രതിരോധ നടപടികളെ ആശങ്കയിലാക്കുകയാണ്.
കനിവ് 108 ആംബുലൻസിന്റെ 14 സർവീസുകളാണ് കാസർഗോഡ് ജില്ലയിലുള്ളത്. ഇതിലായി 60 പേർ ജോലി ചെയ്യുന്നു. കഴിഞ്ഞ ഒൻപതു മാസമായി കൃത്യമായ ശമ്പളമില്ല. രണ്ടു മാസമായി പൂർണമായും മുടങ്ങി. കരാറെടുത്ത കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂല നടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഇതോടെയാണ് അനിശ്ചിതകാല സമരമെന്ന തീരുമാനമെടുത്തത്.
ഇവർ പണിമുടക്കിയാൽ ജില്ലയിൽ കൊവിഡ് പ്രതിരോധം താളം തെറ്റും. നിലവിൽ ആരോഗ്യ വകുപ്പിന് സ്വന്തമായി നല്ലൊരു ആംബുലൻസില്ല. പ്രശ്‌നം പരിഹരിക്കാതെ വന്നാൽ ക്വാറന്റീനിൽ കഴിയുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ ആശുപത്രിയിലെത്തിക്കുന്നതടക്കം പ്രതിസന്ധിയിലാവും.
പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ലേബർ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൊവിഡ് കാലത്തെ മുന്നണി പോരാളികളും.
Story highlight: 108 ambulance drivers strike in protest against non-payment of dues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here