വിട പറഞ്ഞത് ഹിറ്റ് സിനിമകളുടെ അണിയറ ശിൽപി

director sachy

സച്ചി വിട പറയുമ്പോൾ ബാക്കിയാവുന്നത് പറയാതെ വച്ച ഒരുപാട് കഥകളാണ്. കെ ആർ സച്ചിദാനന്ദൻ എന്നാണ് യഥാർത്ഥ നാമം. നിരവധി രംഗങ്ങളിൽ തിളങ്ങിയ അപൂർവം പേരിൽ ഒരാളാണ് സച്ചി. എഴുത്തും അഭിനയവും എല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. കവി, തിയറ്റർ ആർട്ടിസ്റ്റ്, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയിരുന്നു ഇദ്ദേഹം.

1972ൽ തൃശൂരിലെ കൊടുങ്ങല്ലൂരിലായിരുന്നു ജനനം. മാളിയൻകര എസ്എൻഎം കോളജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. പിന്നീട് എറണാകുളം ലോ കോളജിൽ നിന്ന് നിയമവും പഠിച്ചു. എട്ട് വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴും കലയായിരുന്നു സച്ചിയുടെ ഉള്ളിൽ തുടിച്ചിരുന്നത്.

സച്ചി- സേതു എന്ന ഇരട്ടതിരക്കഥാകൃത്തുക്കളിൽ ഒരാളായിട്ടായിരുന്നു മലയാള സിനിമയിലേക്കുള്ള സച്ചിദാനന്ദന്റെ രംഗപ്രവേശം. സച്ചി- സേതു കൂട്ടുകെട്ട് ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ചു. സച്ചിദാനന്ദനും സേതുനാഥും കൂടിച്ചേർന്നപ്പോൾ അത് സച്ചി- സേതു ആയി. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമായിരുന്നു ഈ കൂട്ടുകെട്ടുകളിൽ പിറന്ന സിനിമകളെല്ലാം. എല്ലാ സിനിമകളും മികച്ച എന്റർടെയ്‌നറുകളായിരുന്നു.

മലയാളത്തിൽ ആദ്യ ചുവടുവയ്പ് പൃഥ്വിരാജ് നായകനായി 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റിലൂടെയായിരുന്നു. ക്യാപസുകളിൽ അന്ന് വലിയ തരംഗം തീർക്കാൻ ചിത്രത്തിനായി. പിന്നീട് റോബിൻഹുഡ് (2009) എന്ന സിനിമയുടെ തിരക്കഥ ജോഷിക്ക് വേണ്ടി ഒരുക്കി. ശേഷം ജയറാം നായകനായ മേക്ക്അപ്മാനിനും (2011) തിരക്കഥ എഴുതി. സീനിയേഴ്‌സ് (2011) എന്ന സൂപ്പർഹിറ്റ് ചിത്രത്തിനും തിരക്കഥ പിറന്നത് സച്ചി- സേതു ടീമിൽ നിന്നാണ്. തൊട്ടതെല്ലാം പൊന്നാക്കിയ കൈകളായിരുന്നു ഈ തിരക്കഥാകൃത്തുക്കളുടെത്. പിന്നീട് മമ്മൂട്ടിയും നദിയാ മൊയ്തുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡബിൾസ് (2011) വിജയകരമായിരുന്നില്ല.

Read Also: ജനപ്രിയസിനിമയുടെ രസക്കൂട്ട് അറിയാവുന്ന സംവിധായകനായിരുന്നു സച്ചി; ബി ഉണ്ണിക്കൃഷ്ണന്‍

പിന്നീട് സച്ചി- സേതു കൂട്ടുകെട്ട് പിരിഞ്ഞു. സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചിയുടെ യാത്ര അവിടെ നിന്നാണ്. പിന്നെയും ആ കൈകളിൽ പിറന്നത് ഹിറ്റ് സിനിമകൾ തന്നെ. മോഹൻലാൽ നായകനും അമലാപോൾ നായികയും ആയി അഭിനയിച്ച റൺ ബേബി റണ്ണിലൂടെയായിരുന്നു തുടക്കം. 2012ൽ ജോഷിയുടെ സംവിധാനത്തിൽ പിറന്ന ഹിറ്റ് സിനിമ ആയി അത് മാറി. പിന്നീട് ചേട്ടായീസ് (2012) എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും, തക്കാളി ഫിലിംസ് എന്ന ബാനറിൽ ആ സിനിമ ബിജു മേനോൻ, ഷാജൂൺ കാര്യാൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം നിർമിക്കുകയും ചെയ്തു.

2015ൽ അനാർക്കലിയിലൂടെ സംവിധാനരംഗത്തേക്കും സച്ചി കടന്നു. ഏറ്റവും മികച്ച പൃഥ്വിരാജ് സിനിമകളിൽ ഒന്നായിരിക്കും അനാർക്കലി. പ്രണയത്തിന്റെ മനോഹാര്യത കാണികളുടെ മനസിൽ പതിപ്പിച്ച സിനിമയായിരുന്നു അത്. അനാർക്കലിയിലെ പാട്ടുകളും ദൃശ്യങ്ങളും ആർക്കും മറക്കാൻ സാധിക്കുകയില്ല. ലക്ഷ്വദ്വീപിന്റെ സൗന്ദര്യം വരച്ചുകാട്ടിയ സിനിമയായിരുന്നു അനാർക്കലി. പൃഥ്വിരാജിനൊപ്പം മിയ, ബിജു മേനോൻ, രഞ്ജി പണിക്കർ തുടങ്ങിയവരും സിനിമയിൽ വേഷമിട്ടിരുന്നു. അനാര്‍ക്കലിയ്ക്കും തൂലിക ചലിപ്പിച്ചത് സച്ചിയാണ്.

തുടര്‍ന്ന് ദിലീപിന്റെ രാമലീലയ്ക്ക് (2017) വേണ്ടിയായിരുന്നു സച്ചി തിരക്കഥയെഴുതിയത്. അരുൺ ഗോപി എന്ന സംവിധായകന്റെ ആദ്യ സിനിമ ഒരു മികച്ച പൊളിറ്റിക്കൽ ത്രില്ലറായി തിയറ്ററുകളിൽ തകർത്തോടി.

ബിജു മേനോൻ നായകനായ ഷെർലക് ടോംസിന് (2017) സംഭാഷണം എഴുതിയത് സച്ചിയായിരുന്നു. ഷാഫി സംവിധാനം ചെയ്ത സിനിമ പക്ഷെ പരാജയപ്പെട്ടു.

ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറാമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡ്രൈവിംഗ് ലൈസൻസിന് (2019) തിരക്കഥ എഴുതിയതും സച്ചിയാണ്. വ്യത്യസ്തമായ കഥ ഹാസ്യം ചാലിച്ച് എഴുതിയപ്പോൾ ജീൻ പോൾ ലാലിന്റെ സംവിധാനത്തിൽ അതും സൂപ്പർ ഹിറ്റായി.

പിന്നീടാണ് ‘അയ്യപ്പനും കോശിയും’ (2020) എന്ന സച്ചിയുടെ കൈയ്യൊപ്പ് പതിഞ്ഞ മനോഹര ചിത്രം പിറന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ അയ്യപ്പന്റെയും കോശിയുടെയും വൈരത്തിന്റെ കഥ പറഞ്ഞ സിനിമ വിമർശകരുടെയും സാധാരണക്കാരന്റെയും കൈയടി ഒരുപോലെ നേടി. സച്ചി എന്ന സംവിധായകന്റെ ക്രാഫ്റ്റിനെ മറ്റൊരു തലത്തിലെത്തിച്ച സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. തിരക്കഥയും സച്ചിയുടേതായിരുന്നു. സിനിമ ഓൺലൈനായി റിലീസ് ചെയ്തപ്പോൾ ഇന്ത്യയൊട്ടാകെ ഉള്ള പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചു.

ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേരിടാത്ത സിനിമയാണ് സച്ചിയുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്നത്. അതിനിടയിലായിരുന്നു സച്ചിയുടെ അപ്രതീക്ഷിതമായ മരണം. മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ് ഈ കലാകാരന്റെ അകാലവിയോഗം.

 

director sachi passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top