ജനപ്രിയസിനിമയുടെ രസക്കൂട്ട് അറിയാവുന്ന സംവിധായകനായിരുന്നു സച്ചി; ബി ഉണ്ണിക്കൃഷ്ണന്‍

ജനപ്രിയസിനിമയുടെ രസക്കൂട്ട് അറിയാവുന്ന സംവിധായകനായിരുന്നു സച്ചിയെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ആര്‍. സച്ചിദാനന്ദനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സുഹൃത്തുക്കളിലായിരുന്നു സച്ചി ആനന്ദം കണ്ടെത്തിയിരുന്നത്. വളരെ അടുത്ത സുഹൃത്ത് വലയം അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു. പേരെടുത്ത് പറയാവുന്ന ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു.

ഒട്ടും കലര്‍പ്പില്ലാത്ത മനുഷ്യനായിരുന്നു. പച്ച മനുഷ്യനായിരുന്നു സച്ചി. യാതൊരു തരത്തിലുള്ള അഭിനയവും പരിചയമില്ലാത്ത ആളായിരുന്നു. സ്വന്തം പ്രതിഭയില്‍ അസാധാരണമായ ആത്മവിശ്വാസമുള്ള ആളായിരുന്നു. സച്ചിയോളം ജനപ്രിയ സിനിമയുടെ രസക്കൂട്ട് അറിയാവുന്ന സംവിധായകനോ എഴുത്തുകാരനോ ഇന്ന് മലയാള സിനിമയില്‍ ഇല്ല. സച്ചി സിനിമയുടെ ഇടവേളകളില്‍ ഒട്ടും ഉത്കണ്ഠപ്പെട്ടിരുന്നില്ല. എന്നാല്‍ മലയാള സിനിമയ്ക്ക് അദ്ദേഹമില്ലാതെ മുന്നോട്ട് പോവുക ബുദ്ധിമുട്ടായിരിക്കും.

സച്ചിയെ ഒരു എഴുത്തുകാരന്‍, സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കുന്നത് പ്രമേയങ്ങളിലെ വൈവിധ്യമാണ്. അസാധാരണമായ സ്‌ക്രീന്‍പ്ലേ റൈറ്ററാണ് അദ്ദേഹം. ഒരു ആസ്വാദകനെന്ന നിലയിലോ വിമര്‍ശകന്‍ എന്ന നിലയിലോ സംസാരിക്കാനാകില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു സച്ചിയെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഇന്ന് രാത്രി 10 മണിയോടെയായിരുന്നു തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ സച്ചിയുടെ അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.

സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്‌സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്‍ഞ്ചുറി, സ്‌ട്രോക്ക്, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം എന്നിവയാണ് ബ്രെയിന്‍ ഹൈപ്പോക്‌സിയയുടെ മറ്റ് കാരണങ്ങള്‍.

Story Highlights: Sachi was a well known director of popular cinema

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top