കല്ലമ്പലം എംഡിഎംഎ കേസ്; പ്രതികളുടെ സിനിമാ ബന്ധം അന്വേഷിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കല്ലമ്പലം എംഡിഎംഎ കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി സഞ്ജുവിന്റെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെ സിനിമ മേഖലയിലേതടക്കമുള്ള ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള സൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് സിനിമാ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറ്റൊരു സംഘത്തെയും ചുമതലപ്പെടുത്തി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമേ ഒന്നാംപ്രതി സഞ്ജു കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വിമാനമാർഗം യാത്ര ചെയ്തതിന്റെ രേഖകളും പൊലീസ് പരിശോധിക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക.
ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് ‘ഡോൺ’ സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്. സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവരും പിടിയിലായിരുന്നു.
Story Highlights : Kallambalam MDMA case investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here