അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ സംസ്‌കാര ചടങ്ങുകൾ കൊച്ചിയിൽ നടന്നു

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചിയിലെ രവിപുരം ശ്മാശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രിയ കലാകാരന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് പേർ അന്ത്യാഞ്ജലിഅർപ്പിച്ചു.
പതിമൂന്ന് വർഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിന് തിരശീല വീണു. തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും,സംവിധായകനായും മലയാളസിനിമയിൽ തൻറേതായ ഇടം കണ്ടെത്തി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി സച്ചിയുടെ വിയോഗം.
രാവിലെ ഒൻപതേ കാലോടെ സച്ചിയുടെ മൃതദേഹം തൃശൂരിൽ നിന്നും കൊച്ചിയിൽ എത്തിച്ചു. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചേംബർ ഹാളിൽ 10.30വരെ പൊതുദർശനം. എറണാകുളം ലോ കോളജിലെ പഠനത്തിന് ശേഷം പത്ത് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കളും ഹൈക്കോടതിയിലെ ജഡ്ജിമാരും അന്ത്യാഞ്ജലിഅർപ്പിച്ചു. തുടർന്ന് കൊച്ചി തമ്മനത്തെ വീട്ടിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് പേർ ആദരാജ്ഞലികൾ അർപ്പിക്കാനായി എത്തിയിരുന്നു.
2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച് നിരവധി ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച്, അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് സച്ചിയുടെ അകാലവിയോഗം.
Story highlight: The funeral of script writer and director Sachi was held in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here