ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി കേന്ദ്രം

ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഡാക്കിൽ നടന്ന ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചത്. എന്നാൽ യോഗത്തിനിടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രം രംഗത്ത് വന്നത്. യഥാർഥ നിയന്ത്രണ രേഖ(എൽ.എ.സി.) ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്ന് കേന്ദം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇക്കുറി ചൈനീസ് സൈന്യം എൽ.എ.സി.യിലേക്ക് എത്തിയത് കൂടുതൽ അംഗബലത്തോടെയായിരുന്നു. ഇന്ത്യയുടെ പ്രതികരണവും ഇതിന് തുല്യമായിരുന്നെന്ന് പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ അറിയിച്ചിരുന്നു.
മാത്രമല്ല, ജൂൺ 15ന് ഗൽവാനിലുണ്ടായ സംഘർഷത്തിനു കാരണം എൽ.എ.സി.ക്ക് തൊട്ട് ഇപ്പുറം ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതും അതിൽ നിന്ന് പിന്തിരിയാത്തതുമാണ്.
യഥാർഥ നിയന്ത്രണരേഖയിൽ, നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ലായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. ഇത് നമ്മുടെ സൈനികരുടെ ധീരതയുടെയും നമ്മുടെ ഭൂമിയിൽ കടന്നുകയറാൻ ശ്രമിക്കുന്നവരെ നാടിന്റെ വീരപുത്രന്മാർ തക്കതായ പാഠം പഠിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ നമ്മുടെ സൈന്യത്തിന്റെ സ്വഭാവത്തെയും മൂല്യത്തെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. ധീരന്മാരായ നമ്മുടെ സൈനികർ അതിർത്തി സംരക്ഷിച്ചു കൊണ്ടിരിക്കെ, അവരുടെ ആത്മവീര്യത്തെ കെടുത്തുന്ന വിധത്തിലുള്ള അനാവശ്യവുമായ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
Story highlight: Center tries to distort Prime Minister’s statement on India-China conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here