കണ്ണൂരിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം

kannur corona

കണ്ണൂരിൽ കൊവിഡ് വ്യാപനത്തിൻ്റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച കണ്ണൂരിൽ കടുത്ത നിയന്ത്രണം തുടരുകയാണ്. കണ്ണൂർ നഗരം പൂർണമായി അടഞ്ഞ് കിടക്കുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ മാലൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനശേഷി കൂടിയ വൈറസായിരിക്കാം ഇത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിഗമനം.

തില്ലങ്കേരിയിലെ എയർ ഇന്ത്യാ ജീവനക്കാരനാണ് ആദ്യം രോഗം ബാധിച്ചത്. പിന്നീട് ഇയാളുടെ പിതാവിന് രോഗബാധയുണ്ടായി. വ്യാപാരിയായ ഇദ്ദേഹത്തിൽ നിന്ന് മുഴക്കുന്ന് സ്വദേശിയായ മറ്റൊരു വ്യാപാരിക്കും അയാളിൽ നിന്ന് മാലൂർ സ്വദേശിയായ വ്യാപാരിക്കും കൊവിഡ് ബാധിക്കുകയായിരുന്നു.

ഒരു ഉറവിടത്തിൽ നിന്ന് ഇത്രയും പേരിലൂടെ വൈറസ് വ്യാപിച്ചത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ഈ കേസുകൾ സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിമാരായ ഇ.പി ജയരാജൻ്റെയും കടന്നപ്പള്ളി രാമചന്ദ്രൻ്റെയും നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. നിലവിൽ രോഗ വ്യാപനം തുടരുകയാണന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ‌

ഉറവിടം കണ്ടെത്താത്ത എല്ലാ കേസുകളും അന്വേഷിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 332 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 64 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights: Kannur city close down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top