തുടർച്ചയായി 10 ബോട്ടിൽ ബിയർ കുടിച്ച ശേഷം ഉറങ്ങി; എഴുന്നേറ്റപ്പോൾ മൂത്രസഞ്ചി തകർന്ന് യുവാവ്

തുടർച്ചയായി 10 ബോട്ടിൽ ബിയർ കുടിച്ച ശേഷം ഉറങ്ങിയ യുവാവിൻ്റെ മൂത്രസഞ്ചി തകർന്നു. ഉറങ്ങിപ്പോയ യുവാവ് ഇടക്ക് മൂത്രമൊഴിക്കാത്തതിനെ തുടർന്നാണ് മൂത്രസഞ്ചി തകർന്നത്. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ചൈനീസ് യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ചില ചൈനീസ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വടക്കൻ ചൈനയിലെ ഷീജാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടർന്ന് 40കാരനായ ഹു എന്ന യുവാവിനെ സുജി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചി തകർന്നതായി കണ്ടെത്തിയത്. തുടർച്ചയായി 10 ബോട്ടിൽ ബിയർ കുടിച്ച ശേഷം ഇയാൾ 18 മണിക്കൂറുകൾ നീണ്ട ഉറക്കത്തിലായിരുന്നു. ഇതിനിടയിൽ മൂത്രമൊഴിക്കാൻ പോലും എഴുന്നേറ്റില്ല. ഇതേ തുടർന്നാണ് മൂത്രസഞ്ചി തകർന്നത്.
Read Also: മദ്യപിച്ചെത്തിയ യുവതി വിൻഡോ ഇടിച്ചു തകർത്തു; വിമാനം അടിയന്തരമായി നിലത്തിറക്കി
മൂത്രസഞ്ചി തകർന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കാതിരുന്ന ഹു കടുത്ത വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ മൂത്ര സഞ്ചിയിൽ മൂന്ന് പൊട്ടലുകൾ ഡോക്ടർമർ കണ്ടെത്തി. സമ്മർദ്ദം അധികരിച്ചതു കൊണ്ടാണ് മൂത്ര സഞ്ചി തകർന്നതെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
നിലവിൽ, യുവാവ് ഓപ്പറേഷനു ശേഷം വിശ്രമത്തിലാണ്. യുവാവിൻ്റെ ആരോഗ്യനില ഇപ്പോൾ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത്തരത്തിലുള്ള കേസ് വിരളമാണെങ്കിലും സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും ഡോക്ടർമാർ പറഞ്ഞു. മൂത്രസഞ്ചിക്ക് വലുതാവാൻ കഴിയുമെങ്കിലും 350 മുതൽ 500 മില്ലി ലിറ്റർ മൂത്രം മാത്രമേ അതിൽ ഉൾക്കൊള്ളാനാവൂ എന്നും ഡോക്ടർമാർ പറഞ്ഞു.
Story Highlights: Bladder Ruptures After Man Holds In Beer For 18 Hours