Advertisement

കന്നിമൂല

June 21, 2020
4 minutes Read

ജിബിൻ ജോൺ/ കഥ 

ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ച് വരുന്നു

എല്ലാവരും ആശീർവാദത്തിനായി മുട്ടുകുത്തിയപ്പോൾ ടോമി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറത്തു മാവിൻ ചോട്ടിലെ മതിലിൽ കുർബ്ബാന കാണാൻ എത്തിയ ചെറുപ്പക്കാരിൽ ആരോ ചോദിച്ചു,

‘ടോമിച്ചായൻ എന്നാ എത്തിയെ?’

‘ഒരാഴ്ച ആയെടാ ഊവ്വേ’ എന്ന് മറുപടി പറഞ്ഞുതീരും മുന്നേ ടോമി പള്ളിപ്പടി ഇറങ്ങിത്തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ട് വീട്ടിൽ എത്താൻ കുതിക്കുന്ന കുട്ടിയെ പോലെ അയാൾ പാഞ്ഞു. എന്നാ പറ്റിയെടാ ടോമി എവിടേക്കാ ധൃതിയിൽ?’ ചായക്കടയിൽ നിന്നും മത്തായിചേട്ടന്റെ ശബ്ദമായിരുന്നു അത്.

‘ഇറച്ചിവെട്ടണിടത്ത് നേരത്തെ എത്തിയില്ലെങ്കിൽ നല്ല കഷ്ണം ആൺപിള്ളേര് കൊണ്ടുപോകും’. പള്ളിമേടയിൽ തൂക്കിയ പഴയ കോളാമ്പി മൈക്കിൽ നിന്ന് സമാപന പ്രാർത്ഥന ഞെക്കിഞെരുങ്ങി പുറത്തു ചാടി.

‘ഇനിയൊരു ബലി അർപ്പിക്കാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ…’

മത്തായിചേട്ടൻ ഉറക്കെ പറഞ്ഞു, ‘നീയാടാ ക്രിസ്ത്യാനി’

ടോമിക്ക് അതത്ര സുഖിച്ചില്ല.

‘ക്രിസ്ത്യാനി എന്ന് പറഞ്ഞാ വേറെന്താ മത്തായിചേട്ടാ നല്ല എറച്ചി തിന്നണം, നല്ല കള്ളു കുടിക്കണം, പള്ളീ പറയണപോലെ, ഇനിയൊരു ബലി അർപ്പിക്കാൻ ഒണ്ടാകുമോന്ന് എന്താ ഉറപ്പ് ?’

അതും പറഞ്ഞ് ടോമി കാറെടുത്ത് ഇറച്ചിക്കടയിലേക്ക് പാഞ്ഞു.

‘ഇവനൊക്കെയാണ് സഭയുടെ ശാപം, കള്ള ക്രിസ്ത്യാനി’ മത്തായി പറഞ്ഞു. ചായക്കടക്കാരൻ പരമു ചിരിച്ചു. മത്തായി തന്റെ നാലാമത്തെ ചായ വലിച്ചുകുടിച്ചു. കുർബ്ബാന തീർന്നു. അതാണ് കണക്ക് നാലാമത്തെ ചായക്ക് കുർബ്ബാന തീരും. കാലാകാലമായുള്ള കീഴ് വഴക്കമാണ്. തോമാശ്ലീഹ നേരിട്ട് കൊടുത്ത അനുഗ്രഹങ്ങളിൽ ഒന്ന്.

കുർബ്ബാന കഴിഞ്ഞ് ഓരോരുത്തരായി പുറത്തേക്കിറങ്ങി. പിന്നെ കൂട്ടം കൂടി വാർത്തകൾ പങ്കുവച്ചു, കുറ്റങ്ങളും. പ്രായം ചെന്ന വല്യമ്മമാർ സെമിത്തേരി സന്ദർശനത്തിന് നീങ്ങി. ചെറുപ്പക്കാർ മതിലിൽ തന്നെയിരുന്നു സുന്ദരിമാരുടെ എണ്ണം പിടിച്ചു.

കാർന്നോന്മാർ പലരും ഇറച്ചിക്കടയിലേക്ക് പാഞ്ഞു. ചിലർ വികാരിയച്ചന്റെ പ്രാർത്ഥനയെ പുകഴ്ത്താൻ പള്ളിമേടയിൽ കാത്തിരുന്നു.

പള്ളിയിലെ അവസാന ആളും ഇറങ്ങുമ്പോഴും ടോമിയുടെ അപ്പൻ വറീത് മാപ്പിള മുട്ടിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളെ ഓർത്തു നന്ദി പറയുകയായിരുന്നു. അതാണ് വറീത് മാപ്ലയുടെ ശീലവും. ഏറ്റവും ആദ്യം പള്ളിയിൽ എത്തുന്നതും ഏറ്റവും അവസാനം പള്ളിയിൽ നിന്നു പോകുന്നതും വറീത് മാപ്ലയാണ്. മുട്ടിൽ നിന്ന് എണീറ്റു വലതുവശത്തെ ചുവരിൽ നിന്നും ഹനാം വെള്ളം എടുത്ത് നെറ്റിയിൽ കുരിശുവരച്ച് അയാൾ പുറത്തേക്കിറങ്ങി. ടോമി ആ സമയം നെയ്യില്ലാത്ത നല്ല തൊടക്കഷ്ണം ഇറച്ചി കിട്ടിയതിന് കർത്താവിനോടു നന്ദി പറയുകയായിരുന്നു.

വറീത് മാപ്ല പടികളിറങ്ങി നേരെ സെമിത്തേരിയിലേക്ക് നടന്നു. കല്ലറകൾക്ക് മുകളിൽ മെഴുകുതിരികൾ എരിയുന്നുണ്ടായിരുന്നു. കല്ലറക്ക് മുകളിലെ എഴുത്ത് വറീത് മാപ്ല വീണ്ടും വായിച്ചു. മനക്കലകുടിയിൽ വറീത് ഭാര്യ മറിയം. ആരോ മെഴുകുതിരികളും ചന്ദനത്തിരികളും കത്തിച്ചുവച്ചിട്ടുണ്ട്. ടോമിയുടെ ഭാര്യയും പിള്ളേരും ആകും.

വർഷങ്ങൾക്ക് മുൻപ് ഒരു മഴയത്ത് തെങ്ങിന് തടം എടുത്തുകൊണ്ടിരിക്കുമ്പോളാണ് വറീത് മാപ്ലയുടെ അപ്പൻ വന്നുപറയുന്നത് നിന്റെ കല്യാണം ഉറപ്പിച്ചൂന്ന്. വറീത് മാപ്ല അന്തംവിട്ടുനിന്നു. ആരാണെന്നോ എന്താണെന്നോ ഒരു വാക്കുപോലും ചോദിച്ചില്ല. തേങ്ങാക്കച്ചോടോം കഴിഞ്ഞു നടന്നു വരുമ്പോൾ ദാഹിച്ചുവലഞ്ഞ വറീത് മാപ്ലയുടെ അപ്പന് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊടുത്തു, തെക്കുംപുറത്തു ദേവസിയുടെ മകൾ മറിയം. ആ നിമിഷം തന്റെ ഒൻപതു മക്കളിൽ ഇളയവനായ വറീത് മാപ്ലക്ക് ഇന്നലെ കണ്ടത് പോലായിരുന്നു. തെക്കുംപുറത്ത് ദേവസി വറീത് മാപ്ലയുടെ അപ്പന്റെ പഴയ ലോഹ്യക്കാരനും ആയിരുന്നു. പിന്നെ ഒന്നും നോക്കീല്ല, അതുറച്ചു, പരസ്പരം കാണാതെ.

വറീത് മാപ്ലയുടെ അപ്പന് തെറ്റിയില്ല. തളർന്നിരുന്നപ്പോഴെല്ലാം തോളോട് തോൾ ചേർന്ന് മറിയം വറീത് മാപ്ലയുടെ കരുത്തായി. അപ്പന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്നായിരുന്നു, പക്ഷെ ഒന്നും തെറ്റിയിട്ടില്ല. അതുപോലത്തൊരു മഴക്കാലത്താണ് അപ്പൻ മലയിലെ 5 ഏക്കർ വറീത് മാപ്ലയെ ഏൽപ്പിച്ചത്. മണ്ണിൽ പണിയെടുക്കെടാ, എല്ലാം ആ മണ്ണ് തരും. പക്ഷെ, വറീത് മാപ്ലക്ക് സങ്കടം തോന്നി. തറവാട് വിട്ട് ആരുമില്ലാത്ത മലക്ക് പോകാൻ അയാൾക്ക് ഒട്ടും മനസ് വന്നില്ല. ആ മണ്ണ് വേറെ ആർക്ക് കൊടുത്താലും വിറ്റു മുടിപ്പിക്കുമെന്ന് അപ്പനറിയാമായിരുന്നു. അങ്ങനെ വറീത് മാപ്ലയെ അപ്പൻ ആ അഞ്ചേക്കറിന്റെ അധിപനാക്കി. മറിയത്തിന്റെ കൈ പിടിച്ച് ആദ്യമായ് മല കയറുമ്പോൾ അവൾ ആകെ ക്ഷീണിച്ചിരുന്നു. ‘ എന്ത് ദൂരാല്ലേ ഇത്’ മറിയം വിഷമം പറഞ്ഞു. പിന്നീട് അവളത് പറഞ്ഞതായി ഓർക്കുന്നില്ല. പലവുരി നടന്നു കഴിയുമ്പോൾ കുറയാത്ത ഏത് ദൂരമാണ് ഭൂമിയിൽ ഉള്ളത്. അതിനുശേഷം ദിവസത്തിൽ രണ്ടും മൂന്നും തവണ അവൾ ഇടമല കയറി, കഞ്ഞിയും കറിയും ചായയുമൊക്കെയായിട്ട്.

കല്ലറയിൽ ഒരു തിരി കത്തിച്ചുവച്ച് വറീത് മാപ്ല അതിൽ ചുംബിച്ചു. ഇനി ഒരിക്കൽ കൂടെ വരാൻ കഴിഞ്ഞില്ലെങ്കിലോ. വറീത് മാപ്ലയുടെ കണ്ണ് നിറഞ്ഞു. തിരിഞ്ഞു നോക്കാതെ അയാൾ നടന്നു പുറത്തിറങ്ങി. ടോമിയുടെ കാർ അതുവഴി പാഞ്ഞു വരുന്നുണ്ടായിരുന്നു. വറീത് മാപ്ലയെ കണ്ട് ആ കാർ നിന്നു.

മാപ്ല വരുന്നില്ലെന്ന് ആംഗ്യം കാണിച്ചു. അപ്പന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നതുകൊണ്ട് നിർബന്ധിക്കാൻ നിൽക്കാതെ ആ കാർ നീങ്ങി. ഇത് ഈ വഴിയിലെ അവസാന നടത്തമാണെന്ന് വറീത് മാപ്ലക്ക് നല്ല പോലെ അറിയാമായിരുന്നു. മക്കളില്ലാതെ വിഷമിച്ച വറീത് മാപ്ലക്കും മറിയത്തിനും അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കർത്താവ് കൊടുത്ത അനുഗ്രഹമായിരുന്നു ടോമി. വറീതും മറിയവും മല കയറുമ്പോൾ അന്ന് ആ അഞ്ചേക്കർ വെറും തരിശു ഭൂമിയായിരുന്നു. മറിയത്തിന്റെ ഗർഭപാത്രം പോലെ.

നിറയെ പാമ്പും കാടും പിടിച്ച ആ അഞ്ചേക്കറിൽ വറീത് മാപ്ല രാപകലില്ലാതെ അധ്വാനിച്ചു. കൂടെ പണിക്കാരൻ കൊച്ചാത്തനും. കയ്യിൽ തൂമ്പയില്ലാതെ വറീത് മാപ്ലയെ ആ പറമ്പിൽ ആരും കണ്ടിട്ടില്ല. നട്ടുച്ചയുടെ കൊടും ചൂടിനും വറീതിനെ തളർത്താനായില്ല. വിശന്നപ്പോൾ ഭക്ഷണമായും ദാഹിച്ചപ്പോൾ വെള്ളമായും മറിയവും ആ വെയിൽ ഒരുപാട് കൊണ്ടു. മണ്ണ് കനിഞ്ഞ്, ഒരിക്കലും വറ്റാത്ത ഒരു കിണറും കൊടുത്തു. ആ മണ്ണിൽ വറീതും മറിയവും ഒരു സ്വർഗം നട്ടുനനച്ചു വളർത്തി. ജാതിയും തെങ്ങും കവുങ്ങും വാഴയും അങ്ങനെ പലതും ആ മണ്ണിൽ ഫലങ്ങൾ നൽകി. വറീത് ആ മണ്ണിനെ മറിയത്തോളം സ്നേഹിച്ചു. മണ്ണ് തിരിച്ചും. ദാഹിച്ചപ്പോളെല്ലാം വറീത് മണ്ണിനെ നനച്ചു. ഒരുതുള്ളി രാസവളം പോലും വറീതിന്റെ മണ്ണിൽ വീഴാൻ അയാൾ അനുവദിച്ചില്ല.

ആ സ്വർഗഭൂമിയിൽ അവർ ഒരു വീടുവച്ചു. കോലിറയത്ത് അപ്പന് വേണ്ടി ഒരു ചാരുകസേരയിട്ടു. മരിക്കുന്ന കാലം വരെ അപ്പൻ ഇടയ്ക്കിടക്ക് ആ മല കയറും. ആ ചാരുകസേരയിൽ ചടഞ്ഞിരിക്കും. ഫലഭൂയിഷ്ഠമായ മണ്ണിലേക്കുനോക്കി അയാൾ മകനെയോർത്ത് അഭിമാനം കൊള്ളും. പ്രകൃതി ഒരു കാറ്റയച്ച് ആ പിതാവിനോടുള്ള സ്നേഹം പങ്കുവയ്ക്കും. ഒരു ദിവസം ആ സമൃദ്ധിയിൽ മയങ്ങിക്കിടന്നു അപ്പൻ മരിച്ചു. ഏറ്റവും സുന്ദരമായ മരണം. അപ്പന് അവസാനം വെള്ളം കൊടുക്കാനുള്ള ഭാഗ്യവും മറിയം സ്വന്തമാക്കി. വെള്ളം മേടിച്ചുകുടിച്ച് അപ്പൻ ചിരിച്ചു.

അന്ന് കിണറ്റ്കരയിൽ നിന്ന് സ്വന്തം മകന് ഇണയെ കണ്ടത്തുമ്പോൾ മുഖത്ത് പടർന്ന അതേ ചിരി.

വെയിൽ അൽപ്പം ശക്തി കൂട്ടിത്തുടങ്ങി. ഇക്കൊല്ലം ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണെന്ന് പത്രത്തിൽ വായിച്ചതോർത്തു വറീത് മാപ്ല. പക്ഷെ ഈ വേനലിനും വറീതിന്റെ കിണറിനെ വറ്റിക്കാൻ പറ്റിയില്ല. ചുറ്റുപാടുള്ള എല്ലാ പെണ്ണുങ്ങളും വേനൽക്കാലത്ത് ആ കിണറിന്റെ ചുറ്റും കൂടി.

വറീത് മാപ്ല നടത്തത്തിന്റെ വേഗം കൂട്ടി. വീടുകളിൽ ഇറച്ചി വേവുന്ന മണം പരന്നു തുടങ്ങി.

ചെയ്ത ബിസിനസെല്ലാം തകർന്ന് വന്നപ്പോളാണ് ടോമിയെ പള്ളീലെ അച്ഛൻ നിർബന്ധിച്ച് ധ്യാനത്തിനയച്ചത്. കൗൺസിലിംഗിനിടയ്ക്ക് അച്ഛൻ ടോമിയുടെ പ്രശ്നം കണ്ടെത്തി. കന്നിമൂലയിലെന്തോ പ്രശ്നം. പണ്ടവിടെ ഒരു അമ്പലമായിരുന്നത്രെ. കന്നിമൂല ഗൃഹനാഥന്റെ ആത്മാവുറങ്ങേണ്ട സ്ഥലമാണെന്നാണ് ശാസ്ത്രം. വിറ്റുപോവുകയല്ലാതെ വേറെ നിവൃത്തിയില്ല. ഇല്ലെങ്കിൽ എന്ത് ചെയ്താലും ഗതി പിടിക്കില്ല.

ടോമി ഇക്കാര്യം വറീത് മാപ്ലേയോട് പറയുമ്പോൾ മാപ്ലയുടെ ചങ്കിടിപ്പ് ക്രമാതീതമായ് കൂടി. ഈ മണ്ണ് നഷ്ട്ടപ്പെടുകയെന്നാൽ അയാൾക്ക് സ്വയം സ്വയം നഷ്ട്ടപ്പെടലായിരുന്നു. പക്ഷെ നിവൃത്തി ഉണ്ടായിരുന്നില്ല. ടോമി തീരുമാനിച്ചു കഴിഞ്ഞിരുന്നു. എല്ലാം മകന്റെ പേരിൽ നേരത്തെ എഴുതിവച്ച വറീത് മാപ്ലയ്ക്ക് ആ തീരുമാനത്തിന് അവകാശം ഉണ്ടായിരുന്നില്ല. തന്റെ ജീവിതം കുറ്റിയടിച്ച മണ്ണിനോട്, മറിയം ഉറങ്ങുന്ന പള്ളി സെമിത്തേരിയോട് എല്ലാറ്റിനോടും വറീത് മാപ്ലക്ക് യാത്രപറയേണ്ടി വന്നു.

വറീത് മാപ്ലയുടെ നടത്തം വീടിന്റെ മുറ്റത്തെത്തി. ആ കടുത്ത വേനലിലും വറീത് മാപ്ലയുടെ പറമ്പിൽ തെങ്ങും കവുങ്ങും ജാതിയും തലയുറച്ച നിന്നു. കിണറിന് ചുറ്റും വെള്ളം കോരുന്ന പെണ്ണുങ്ങളുടെ തിരക്ക് ഉണ്ടായിരുന്നു. വറീത് മാപ്ലയുടെ സന്തത സഹചാരിയായിരുന്ന കൊച്ചാത്തൻ വീടിന് മുൻപിൽ കാത്തുനിൽപ്പുണ്ടായിരുന്നു. വീട് വിട്ട് പോകുമ്പോൾ വറീത് മാപ്ലയ്ക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുളളൂ, കൊച്ചാത്തന് കുറച്ച് പൈസ കൊടുക്കണം. അത്രമാത്രം.

‘അപ്പൻ പേടിക്കണ്ട അപ്പനെ ഞങ്ങൾ അങ്ങോട്ട് കൊണ്ടുപോകും’ അവൻ എല്ലാം തീരുമാനിച്ചിരുന്നു. അന്ന് വറീത് മാപ്ല പലതവണ ആ പറമ്പിന് ചുറ്റും നടന്നു. മക്കള് വലുതായെ പിന്നെ ഒന്നും പറയാനില്ല. മറിയം കൂടെ ഉണ്ടായെങ്കിലെന്ന് മാപ്ല വെറുതെ ഓർത്തു കരഞ്ഞു.

രാത്രി അത്താഴത്തിനിരുന്നപ്പോ ടോമി പെണ്ണുമ്പിള്ളയോട് ചോദിച്ചു, ‘അപ്പന്റെ എല്ലാം എടുത്തുവച്ചോ’ ഭാര്യ റീന തലയാട്ടി. വറീത് മാപ്ല കൈ കഴുകി കോലിറയത്ത് ചാരുകസേരയിൽ വന്നു കിടന്നു. കൊച്ചു മക്കൾ മടിയിൽകയറി ചാടിക്കളിച്ചു. മാപ്ലക്ക് അവരെ കൂട്ടിപ്പിടിക്കാൻ താത്പര്യം തോന്നിയില്ല. ടോമി വന്നു കുട്ടികളെ എടുത്ത് മാറ്റി.

‘5 മണിക്കാണ് ഫ്‌ളൈറ്റ്. അപ്പൻ ഒറങ്ങുന്നില്ലേ’

മാപ്ല തലയാട്ടി.

ടോമി പിള്ളേരെ പിടിച്ച് വലിച്ച് അകത്തേക്ക് പോയി. ‘പിള്ളേരെ കിടത്തി ഒറക്കെടീ. 4 മണിക്ക് ആ ചെക്കൻ വരും.’

ടോമി ഒച്ചവച്ചു.

വറീത് മാപ്ല പുറത്തേക്കു നോക്കി കിടന്നു. പണിയെടുത്ത് ക്ഷീണിച്ച രാത്രികളിൽ മാപ്ല ആ കിടത്തം കിടക്കാറുണ്ട്. തങ്ങളെ നട്ടുനനച്ചു വളർത്തിയ മാപ്ലക്ക് വേണ്ടി മരങ്ങൾ കാറ്റു വീശി. ആ നനുത്ത കാറ്റിൽ മാപ്ലയ്ക്ക് ആശ്വാസം തോന്നിയില്ല. തന്റെ രോമക്കുത്തുകൾ വരെ വേദനിക്കുന്നതായി തോന്നി. മാപ്ല എഴുന്നേറ്റ് പറമ്പിലേക്ക് നടന്നു. മോട്ടറടിക്കുന്ന ശബ്ദം കേട്ടാണ് ടോമിയും പെണ്ണുമ്പിള്ളയും എഴുന്നേറ്റത്. ടോമി പുറത്തിറങ്ങി നോക്കുമ്പോ മാപ്ല പറമ്പിൽ വെള്ളം തിരിക്കുന്നു. ഒന്നും മിണ്ടാതെ ടോമി അകത്തേക്ക് കയറി. എന്താ കാര്യമെന്ന് തിരക്കിയ പെണ്ണുമ്പിള്ളയോട് ഒച്ചവച്ച് അയാൾ കിടന്നു.

വറീത് മാപ്ല വെള്ളമൊഴുകുന്ന ചാലിലൂടെ നടന്നു. ആ ചെളിയിൽ കാലമർത്തിയപ്പോൾ അയാൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ആശ്വാസം തോന്നി. ചെളി പിടിച്ച മണ്ണിൽ അയാൾ ആർത്തിയോടെ നടന്നു. പറമ്പിന് ചുറ്റും പലവട്ടം നടന്ന് അയാൾ കന്നിമൂലയിലെത്തി. കുടുംബനാഥന്റെ ആത്മാവ് വിശ്രമിക്കേണ്ട കന്നിമൂല. അയാൾക്ക് ആ മണ്ണിൽ പറ്റിപിടിച്ചു കിടക്കാൻ തോന്നി തന്റെ വിയർപ്പു തുള്ളികൾ വീണ ആ മണ്ണിൽ അയാൾ കിടന്നു. സ്വന്തം കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന അമ്മയെ പോലെ ആ മണ്ണ് മാപ്ലയെ മാറോടു ചേർത്ത് പിടിച്ചു. ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ണിമ ചിമ്മാതെ ആ കാഴ്ച നോക്കിനിന്നു. അഗാതങ്ങളിൽ ഒരിക്കലും വറ്റാത്ത ആ നീരുറവയുടെ ശബ്ദം ആർത്തിരമ്പി. മാപ്ലയുടെ ആത്മാവിന് അതിലേക് ഊളിയിടാൻ കൊതിയായ്!

Story Highlights- Story, Kannimoola, jibin john

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top