കനത്ത മഴയിൽ തലശേരി നഗരം വെള്ളത്തിനടിയിലായി

കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടം. തലശേരി നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിർത്താതെ പെയ്ത കനത്ത മഴയിലാണ് തലശേരി നഗരം വെള്ളത്തിൽ മുങ്ങിയത്. മാടപ്പീടിക, ടിസി മുക്ക്, കുയ്യാലി,വാടിക്കൽ തുടങ്ങിയ മേഖലകളിലും വെള്ളം കയറി.

കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിലും പ്രശ്‌നമുണ്ടായിട്ടില്ലാത്ത മേഖലകളും ഇത്തവണ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ള ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.വീട്ടുപകരണങ്ങളടക്കം നശിച്ചു.

Read Also: കോട്ടയത്ത് കാണാതായ വൈദികൻ കിണറ്റിൽ മരിച്ച നിലയിൽ

ഞായറാഴ്ചയായതിനാൽ പല കടകളും അടച്ച നിലയിലായിരുന്നു. നിരവധി വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി. തളിപ്പറമ്പ് തലോറയിൽ മരം കടപുഴകി വീണു. കണ്ണൂർ ജില്ലയുടെ മിക്ക മേഖലകളിലും കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസം യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ എല്ലാം തന്നെ നല്ല മഴ ലഭിച്ചിരുന്നു.

 

thalassery, rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top