തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂട്ടായ പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിന്തുണയുണ്ടെന്നും യോഗത്തില്‍ എംഎല്‍എമാര്‍ അറിയിച്ചു. ജില്ലയിലെ എംഎല്‍എമാരായ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, വി ജോയ്, ബി. സത്യന്‍, സി. ദിവാകരന്‍, ഡി. കെ. മുരളി, വി. എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, കെ. എസ്. ശബരീനാഥന്‍, സി. കെ. ഹരീന്ദ്രന്‍, ഐ. ബി. സതീഷ്, എം. വിന്‍സന്റ്, കെ. എ. ആന്‍സലന്‍, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ,ഡിഎംഒ ഡോ. പി.പി. പ്രീത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിലെടുത്ത തീരുമാനങ്ങള്‍

– ബ്രേക്ക് ദി ചെയ്ന്‍ എസ്എംഎസ് ക്യാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പൊതുവിടങ്ങളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിലും തുടക്കത്തില്‍ ഉണ്ടായിരുന്ന കാര്‍ക്കശ്യം നിലവില്‍ ഇല്ല എന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം ഉറപ്പ് വരുത്തുവാന്‍ പൊലീസിനും തദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്കും നിര്‍ദേശം നല്‍കും.

– പൊതുസ്ഥലങ്ങളില്‍ നിയന്ത്രണലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ക്കശപ്പെടുത്തും.

– തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി ക്രമീകരണങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കും. ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണവും നിരീക്ഷണവുമുള്ള കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ലംഘകര്‍ക്കെതിരെ നടപടികളെടുക്കാനും ആവശ്യപ്പെടും.

– മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ തദ്ദേശസ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം വിളിച്ച് എടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കും.

– പഞ്ചായത്ത് വാര്‍ഡുതല കര്‍മസമിതികള്‍ ശക്തമാക്കും. അതത് കര്‍മസമിതികള്‍ക്ക് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. പഞ്ചായത്ത് തലത്തില്‍ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റീന്‍ സംവിധാനങ്ങള്‍ കൂടുതലായി ഒരുക്കും.

– തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ അച്ചടക്കലംഘനം നടത്തുന്ന, നിയന്ത്രണം പാലിക്കാത്ത കടകള്‍ അടപ്പിക്കാനും ആവശ്യമെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുവാനും കോര്‍പറേഷനും പൊലീസും നടപടിയെടുക്കും.

– സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തും. ഒരു രോഗിയുടെ കൂടെ ഒരു ബൈസ്റ്റാന്ററെ മാത്രമേ അനുവദിക്കുകയുള്ളൂ.

– ഓട്ടോറിക്ഷയിലും ടാക്‌സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്പറും കുറിച്ചെടുക്കണം . ഡ്രൈവര്‍മാര്‍ ഇവ വണ്ടികളില്‍ പ്രദര്‍ശിപ്പിക്കണം. ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന രീതിയില്‍ സുതാര്യമായ സജ്ജീകരണം ഓട്ടോറിക്ഷകളില്‍ ഒരുക്കണം.

– കല്യാണത്തിന് 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും മാത്രമാണ് പരമാവധി പങ്കെടുക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ. ഇക്കാര്യം കര്‍ക്കശമായി പരിശോധിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കും.

– രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂ. പരമാവധി 10 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കൊവിഡ് ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണം.

– അത്യാവശ്യ സ്വഭാവമുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാത്രം നടത്തുവാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവുള്ളൂ.

– ഗ്രാമപ്രദേശങ്ങളിലെ ചന്തകള്‍ കര്‍ശന നിയന്ത്രണത്തോടെ തുറക്കും. പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളായിരിക്കും ആ ചന്തകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ആള്‍ക്കൂട്ടമെങ്ങനെ നിയന്ത്രിക്കണമെന്നും ക്രമീകരിക്കുക.

– ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും.

Story Highlights: Thiruvananthapuram District Regulations will be tightened

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top