കൊവിഡ് ടെസ്റ്റ് ജാഗ്രതയുടെ ഭാഗമായെന്ന് മുഖ്യമന്ത്രി; വിദേശങ്ങളിലെ കൊവിഡ് പരിശോധനാ വിശദാംശങ്ങള്‍

ജാഗ്രതയുടെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ച് കത്തുകള്‍ എഴുതിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിനും തുടര്‍ച്ചയായി കത്ത് എഴുതി. അതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശമന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടിരുന്നു. അതിന്റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
യുഎഇ റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകളാണ് നടത്തുന്നത്. ഖത്തറില്‍ ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ. കുവൈറ്റില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യാനുസരണം കൂടുതല്‍ ടെര്‍മിനലുകളിലേക്ക് വ്യാപിപ്പിക്കാനാകും എന്നാണ് വിദേശമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവ് വരിക.
Read More: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60 പേര്‍ രോഗമുക്തരായി
ഒമാനില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 25 ന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദിയിലും റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികള്‍ നടത്തുണ്ട്. പക്ഷേ അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ബഹ്‌റൈനില്‍ ഇതിന് പ്രയാസമുണ്ടെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ നാം പറഞ്ഞിട്ടുള്ളത് ജൂണ്‍ 25 മുതല്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളും സ്വകാര്യ ഫ്‌ളൈറ്റുകളും വരുമ്പോള്‍ യാത്രക്കാര്‍ ടെസ്റ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ്. യാത്രയ്ക്കിടയില്‍ രോഗപകര്‍ച്ച ഉണ്ടാകാന്‍ പാടില്ല. ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്ത് ചെയ്യാനാകും എന്ന് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനെതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: covid test Details Abroad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here