കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും

കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. പോസ്റ്റൽ ബാലറ്റാകും ഇവർക്ക് അനുവദിക്കുക. കൊവിഡ് ഭീതി ഒഴിവാകുന്നതിന് മുൻപായി തെരഞ്ഞെടുപ്പുകൾ നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി.
കൊവിഡ് ഒഴിഞ്ഞശേഷം തെരഞ്ഞെടുപ്പ് എന്ന സമീപനത്തിൽ നിന്ന് പിന്മാറുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടക്കം നടത്താനുള്ള സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ ഇതിനായി പുനഃക്രമീകരിക്കും. പ്രചരണമടക്കം വെർച്വൽ പ്ലാറ്റുഫോമുകളിൽ നടത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ ധാരണ ഉണ്ടാക്കാൻ ഉടൻ സർവകക്ഷിയോഗം വിളിക്കും. ബിഹാർ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലാണ് ഇനി അടുത്തതായി നിയമസഭാ തെരഞ്ഞെടുപ്പുകൾ അടക്കം നടക്കുക. ഇവിടങ്ങളിലെല്ലാം കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം എർപ്പെടുത്താൻ കമ്മീഷൻ തീരുമാനിച്ചു.
മധ്യപ്രദേശിൽ രാജ്യസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ കൊവിഡ് ബാധിതൻ നിയമസഭയിൽ എത്തിയിരുന്നു. ഈ വിഷയം മുൻ നിർത്തിയായിരുന്നു ഇക്കാര്യത്തിലെ ചർച്ച. പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാണ് തീരുമാനം. ഇതുസമ്പന്ധിച്ച പ്രഖ്യാപനം തെരഞ്ഞെടുപ്പ് വിജഞാപനത്തിന് ഒപ്പം പ്രസിദ്ധീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here