നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ സംസ്‌ക്കാരം ഇന്ന്

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിയോടെ പെരുമ്പടപ്പ് ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ നടക്കും. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 107 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.
മലയാള സിനിമാ നാടക ചരിത്രത്തിലെ തല മുതിർന്ന വ്യക്തിത്വവും അഭിനയ ഗായക മേഖലകളിളെല്ലാം പതിറ്റാണ്ടുകൾ തിളങ്ങി നിന്ന അതുല്യ പ്രതിഭയുമായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. ആദ്യ ഗാനം പാടി 60 വർഷത്തിനുശേഷം തൊണ്ണൂറ്റെട്ടാമത്തെ വയസ്സിൽ വീണ്ടും സിനിമയിൽ പാട്ട് പാടി പാപ്പുക്കുട്ടി ഭാഗവതർ ചരിത്രം സൃഷ്ടിച്ചു. 2010 ൽ പുറത്തിറങ്ങിയ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി നേടി. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽത്തന്നെ ഈ പ്രായത്തിൽ പാടുന്ന ആദ്യത്തെയും അവസാനത്തെയും ഗായകനായിരിക്കും പാപ്പുക്കുട്ടി ഭാഗവതർ.
Read Also: ഗൽവാൻ സംഘർഷത്തിൽ കമാൻഡിംഗ് ഓഫീസിർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ചൈന
1913 മാർച്ച് 29ന് കൊച്ചി വൈപ്പിൻകരയിൽ മൈക്കിൾ-അന്ന ദമ്പതികളുടെ മകനായി ജനിച്ച പാപ്പുക്കുട്ടി ഭാഗവതർ ഏഴാമത്തെ വയസ്സിൽ വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് മിശിഹാചരിത്രം എന്ന നാടകത്തിൽ മഗ്ദലന മറിയത്തെ അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തിക്കുറിശ്ശിയുടെ നാടക സംഘത്തിലും പ്രവർത്തിച്ചു. മുപ്പത്തിയേഴാമത്തെ വയസ്സിൽ ചലച്ചിത്ര നടനും ഗായകനുമായി. കറുത്ത കൈ എന്ന ചിത്രത്തിനുവേണ്ടി ‘കള്ളനെ വഴിയിൽ മുട്ടി’ എന്ന ഗാനം യേശുദാസിനൊപ്പം പാടി. 25 ഓളം സിനിമകളിൽ വേഷമിട്ടു. പതിനയ്യായിരത്തോളം വേദികളിൽ അഭിനയിച്ചു. കേരള സൈഗാൾ ഇനി ഓർമയിൽ മാത്രം… കാലത്തിന്റെ കാല്പനികതയിൽ യാത്ര തുടരുകയാണ് പാപ്പുക്കുട്ടി ഭാഗവതർ.
pappukutti bagavathar, cremation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here