അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശുശുവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർമാർ

അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശുശുവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയയ്ക്കു ശേഷം തലയിൽ നൽകിയിരുന്ന ഡ്രെയിനേജ് എടുത്തു മാറ്റിയതായും ഓക്‌സിജന്റെ അളവ് കുറച്ചതായും ഡോക്ടർമാർ അറിയിച്ചു.

12 മണിക്കൂർ കൂടി കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ് പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തനിയെ പാൽ കുടിച്ചതും കൺപോളകൾ ചലിപ്പിച്ചതും മികച്ച പ്രതികരണമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ വിലയിരുത്തിയിരുന്നു.

പിതാവിന്റെ ആക്രമണത്തെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

അങ്കമാലി പാലിയേക്കര ജോസ്പുരത്ത് വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസാണ് രണ്ടു മാസം മാത്രം പ്രായമുള്ള തന്റെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടി ആയതിനാലും കുഞ്ഞിന്റെ പിതൃത്വം സംശയിച്ചും ഇയാൾ സ്ഥിരമായി ഭാര്യയെയും കുട്ടിയെയും മർദിക്കുമായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ മൊഴി നൽകിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇയാൾ വിവാഹം കഴിച്ച നേപ്പാൾ സ്വദേശിനിയാണ് ഷൈജു തോമസിന്റെ ഭാര്യ. പൊലീസ് അറസ്റ്റ് ചെയ്ത ഷൈജു ഇപ്പോൾ റിമാൻഡിലാണ്.

Story highlight: Doctors call for improvement in newborn baby’s health in Angamaly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top