കൊവിഡ് വ്യാപനം തടയൽ: സേനയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും സജ്ജരാകാൻ ഡിജിപിയുടെ നിർദേശം

കൊവിഡ് 19 രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ടെക്‌നിക്കൽ വിഭാഗത്തിലേത് ഉൾപ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതൽ സേവനസജ്ജരായിരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യൽ യൂണിറ്റുകളിലെയും എസ്പിമാർ ഉൾപ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിയ്ക്ക് ലഭ്യമാക്കും. ഇവർ നാളെ രാവിലെ ജില്ലാ പൊലീസ് മേധാവിമാർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. പൊലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയൻ വിഭാഗം എഡിജിപിയ്ക്കാണ് നൽകിയിരിക്കുന്നത്.

സ്‌പെഷ്യൽ പൊലീസ് ഓഫീസേഴ്‌സ്, ഹോം ഗാർഡുകൾ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പൊലീസ് വോളന്റിയേഴ്‌സിനെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലേർപ്പെടുന്ന എല്ലാ പൊലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം. പൊലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സ്റ്റേറ്റ് വെൽഫെയർ ഓഫീസറായ ബറ്റാലിയൻ വിഭാഗം എഡിജിപിക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.

വിദേശത്ത് നിന്ന് ധാരാളം മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക ഐപിഎസ് ഓഫീസർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. ദിവ്യ.വി.ഗോപിനാഥ്, പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എ.ഐ.ജി വൈഭവ് സക്‌സേന എന്നിവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റന്റ് നവനീത് ശർമയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നൽകി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്നത് ഭീകര വിരുദ്ധസേനയിലെ എസ്പി ചൈത്ര തെരേസ ജോൺ ആണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര.ജി.എച്ച്, വയനാട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് എ.എസ്.പി ആനന്ദ്.ആർ എന്നിവർക്കാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതല. അതത് റേഞ്ച് ഡിഐജിമാർക്ക് വിമാനത്താവളങ്ങളുടെ മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.

മറ്റ് വകുപ്പുകളുമായി ചേർന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനത്താവളങ്ങളിൽ എത്തുന്ന വാഹനങ്ങൾ മറ്റൊരിടത്തും നിർത്താതെ വീടുകളിലേക്ക് പോകുന്നുവെന്നും കൃത്യസമയത്ത് വീടുകളിലെത്തുന്നുണ്ടെന്നും പൊലീസുദ്യോഗസ്ഥർ ഉറപ്പുവരുത്തും.

Story highlight: Preventing covid Spread: Directs DGP to equip entire police personnel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top