കെകെ മഹേശൻ നിരപരാധി; സിബിഐ അന്വേഷണം വേണം: വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം വേണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശൻ നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭീതിയിൽ ആത്മഹത്യ ചെയ്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“അവൻ നിരപരാധിയാണ്. അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല, ഈ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടിട്ട്. മൈക്രോ ഫൈനാൻസ് കോർഡിനേറ്ററാണ് മഹേശൻ. അവിടെ സാമ്പത്തിക ക്രമക്കേട് നടന്നതിൽ മഹേശന് യാതൊരു ബന്ധവുമില്ല. ഇതിനിടയിൽ മഹേശൻ എന്നെ വിളിച്ചിരുന്നു. അവർ കുറേ ചോദ്യം ചെയ്തു. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയമുണ്ട്. അങ്ങനെയാണെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തു കളയും.’ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ‘മഹേശാ, തന്നെ അറസ്റ്റ് ചെയ്യില്ല. താനെന്താ കുറ്റം ചെയ്തത്? താൻ പണം മോഷ്ടിച്ചിട്ടില്ലല്ലോ. പണം കൈകാര്യം ചെയ്തതിൽ യൂണിയൻകാരാണല്ലോ കുഴപ്പക്കാരായത്? അതുകൊണ്ട് താനൊന്നും പ്രയാസപ്പെടരുതെന്ന് പറഞ്ഞിട്ട് പോലും സമാധാനമായില്ല. ഇവൻ്റെ സമനില തെറ്റിപ്പോയി. അതിന് മറ്റ് പല കാരണങ്ങളും ഉണ്ട്. അതിനു സിബിഐ അന്വേഷണം വേണം”- വെള്ളാപ്പള്ളി പറയുന്നു.
Read Also: ആത്മഹത്യ ചെയ്ത എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ഡയറിക്കുറിപ്പ് പുറത്ത്
“ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ഒരാളാണ് അയാളെ നശിപ്പിച്ചത്. വിചാരിച്ച സ്ഥാനം കിട്ടാതിരുന്ന ചിലർ മഹേശനെ തേജോവധം ചെയ്യാൻ തുടങ്ങി. പ്രത്യേകിച്ച് അവിടെ ഒരു സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപയോളം മഹേശൻ അടിച്ചുമാറ്റി എന്ന് ഒരാൾ പ്രചരിപ്പിച്ചിരുന്നു. അത് മറ്റു പലരും ഏറ്റുപിടിച്ചു. അതിൻ്റെ മനോവ്യഥ എത്ര നാളായി മഹേശൻ അനുഭവിക്കുന്നു. സുരേന്ദ്രൻ എന്ന ഒരു ക്ലാർക്കാണ് മൈക്രോഫിനാൻസ് തട്ടിപ്പിനു ചുക്കാൻ പിടിച്ചത് സുരേന്ദ്രൻ എന്നൊരു ക്ലാർക്കാണ്. പുതിയ ഭരണസമിതി വന്ന് തട്ടിപ്പ് കണ്ടുപിടിച്ച അന്ന് അയാൾ അവിടെ നിന്ന് മുങ്ങി. പിന്നീടാണ് അത് മഹേശൻ എടുത്തു എന്ന് എതിരാളികൾ പറഞ്ഞു. പക്ഷേ, മഹേശൻ എടുത്തിട്ടില്ല. സാങ്കേതികമായി മഹേശൻ എന്ന അഡ്മിനിസ്ട്രേറ്റർ ആണ് കൊടുത്തത്. പക്ഷേ, അത് തട്ടിപ്പായിരുന്നു. എന്നാൽ, താനാണ് പണം എടുത്തതെന്നും 6 മാസത്തിനുള്ളിൽ തിരികെ പണം അടച്ചോളാം എന്നും സുരേന്ദ്രം എഴുതി നൽകിയിരുന്നു.”- വെള്ളാപ്പള്ളി തുടർന്നു.
Story Highlights: kk maheshan suicide vellappally natesan response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here