അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി

അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. അന്വേഷണം പൂർത്തിയാകുന്നത് വരെ അമ്മയ്ക്കും കുഞ്ഞിനും ജില്ലയിൽ സംരക്ഷണം നൽകും. കുഞ്ഞിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടു. കുഞ്ഞ് കൂടുതൽ സമയം ഉണർന്നിരിക്കുന്നുണ്ടെന്നും ശരീരോഷ്മാവും ദഹനവും സാധാരണനിലയിലാണെന്നും അധികൃതർ അറിയിച്ചു.

കുഞ്ഞ് തനിയെ പാൽ കുടിച്ചതും കൺപോളകൾ ചലിപ്പിച്ചതും മികച്ച പ്രതികരണമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ വിലയിരുത്തിയിരുന്നു. പിതാവിന്റെ ആക്രമണത്തെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

Read Also: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അങ്കമാലി പാലിയേക്കര ജോസ്പുരത്ത് വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസാണ് രണ്ടു മാസം മാത്രം പ്രായമുള്ള തന്റെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടി ആയതിനാലും കുഞ്ഞിന്റെ പിതൃത്വം സംശയിച്ചും ഇയാൾ സ്ഥിരമായി ഭാര്യയെയും കുട്ടിയെയും മർദിക്കുമായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ മൊഴി നൽകിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇയാൾ വിവാഹം കഴിച്ച നേപ്പാൾ സ്വദേശിനിയാണ് ഷൈജു തോമസിന്റെ ഭാര്യ. പൊലീസ് അറസ്റ്റ് ചെയ്ത ഷൈജു ഇപ്പോൾ റിമാൻഡിലാണ്.

angamali, new born attacked by father

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top