കൊവിഡ്: തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് മന്ത്രി

കൊവിഡിൽ തലസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിൽ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതാണ്ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാൽ നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യം ഇല്ലെന്നും നിരീക്ഷണം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നഗരത്തിൽ കൂടുതൽ രോഗബാധിതരുള്ള മണക്കാട് മേഖലയിൽ നാളെ മുതൽ വീണ്ടും സ്രവ പരിശോധന ആരംഭിക്കും. രോഗം സ്ഥിരീകരിച്ച വിഎസ്എസ്‌സി റിട്ടയർഡ് ജീവനക്കാരനായ വള്ളക്കടവ് സ്വദേശി വിവാഹത്തിലടക്കം പങ്കെടുത്തിരുന്നതായി വിവരമുണ്ട്.

മണക്കാട് മേഖലയിൽ ഒൻപത് കൊവിഡ് രോഗബാധിതരുണ്ട്. തൊട്ടടുത്ത വള്ളക്കടവിൽ ഒരെണ്ണവും. ഇങ്ങനെ രോഗ ഉറവിടം വ്യക്തമല്ലാത്ത പത്ത് കൊവിഡ് രോഗികൾ മണക്കാടും സമീപത്തും ഉള്ളതാണ് തലസ്ഥാനത്തെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നത്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികകൾ തന്നെ വളരെ വിപുലമാണ്.കഴിഞ്ഞ ദിവസം ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരനായ മണക്കാട് സ്വദേശിയുടേയും വിഎസ്എസ്‌സി റിട്ടേർഡ് ജീവനക്കാരനായ വള്ളക്കടവ് സ്വദേശിയുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ നൂറിലധികം പേർ വീതമുണ്ട്. വള്ളക്കടവ് സ്വദേശി സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ 200ഓളം പേർ പങ്കെടുത്തതായാണ് വിവരം. ആറ് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാക്കിയ മേഖലയിൽ ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളെ ബഫർ സോണുകളായും നിലനിർത്തിയിട്ടുണ്ട്. എന്നാലും ചിലർ നിർദേശങ്ങൾ പാലിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വള്ളക്കടവ്, മണക്കാട് സ്വദേശികളുടെ ഹൈ റിസ്‌ക് പട്ടികയിൽപ്പെട്ടവരുടെ സ്രവം പരിശോധനയ്‌ക്കെടുത്തിരുന്നു. ഇരുവരുടെയും റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കിയേക്കും. പ്രദേശത്ത് നാളെ മുതൽ വീണ്ടും വ്യാപകമായി സ്രവ പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിന് ഒരാഴ്ചയിലധികം വേണ്ടിവരുമെന്നും അധികൃതർ കണക്ക് കൂട്ടുന്നു. പ്രദേശത്ത് നിന്ന് നേരത്തെ ശേഖരിച്ച സ്രവ സാമ്പിളുകളുടെ ഫലം വരാൻ വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 200ഓളം സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More