ഉറക്ക ഗുളിക നൽകി 19 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

ഉറക്ക ഗുളിക നൽകി 19 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ബംഗളൂരു ഹാരലൂർ സ്വദേശിയായ 40 കാരനെയാണ് പൊലീസ്
അറസ്റ്റ് ചെയ്തത്. പിതാവിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്ന പെൺകുട്ടി രാസലായിനി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ രണ്ടാനമ്മയുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നത്. ജലദോഷവും ചുമയും ഉണ്ടായിരുന്നതിനാൽ പെൺകുട്ടി പിതാവിനോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. ജലദോഷത്തിനുള്ള ഗുളികയാണെന്നു പറഞ്ഞ് പിതാവ് നൽകിയത് ഉറക്ക ഗുളികയായിരുന്നു. ഇത് കഴിച്ച് പെൺകുട്ടി ഉറങ്ങിപ്പോവുകയായിരുന്നു. ഈ സമയമാണ് പിതാവ് കുട്ടിയെ ആക്രമിച്ചത്. പിറ്റേദിവസം രാവിലെ തന്റെ കൂടെ കട്ടിലിൽ പിതാവ് കിടക്കുന്നത് കണ്ടപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി മനസിലാക്കുന്നത്. രണ്ടാനമ്മയോട് കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ആരോടും പറയാതെ മറച്ചുവയ്ക്കാനാണ് രണ്ടാനമ്മ ശ്രമിച്ചത്. ഇതോടെയാണ് കുളിമുറി വൃത്തിയാക്കുന്ന രാസലായിനി കുടിച്ച് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടായിരുന്നു ആത്മഹത്യാശ്രമം. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പിതാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ രണ്ടാനമ്മയുടെ പങ്ക് വിശദമായി അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Story highlight: Father arrested for sexually abusing 19-year-old daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here