മലപ്പുറത്ത് സ്ഥിതി ആശങ്കാജനകം; രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു

മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. ഇന്ന് കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിന് ജില്ലയിൽ വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്താനാണ് തീരുമാനമായിരിക്കുന്നത്.
വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കമുണ്ടായി 14 ദിവസം പൂർത്തിയാകാത്ത 500 പേർ, ആശാവർക്കർമാർ, കൊവിഡ് വളണ്ടിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന 500 പേർ, ഇതിന് പുറമെ 60 വയസിന് മുകളിൽ പ്രായമുള്ള 250 പേർ, സർക്കാർ-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകൾ ഇന്ന് ജില്ലയിലെത്തിക്കും.
അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഉറപ്പാക്കും. കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായിട്ടുള്ള മുഴുവനാളുകളെയും കണ്ടെത്തും. രോഗലക്ഷണമുള്ളവർക്ക് സ്രവ പരിശോധന നടത്തും. സമ്പർക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകൾ 28 ദിവസം റൂം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു.
Story Highlights- malappuram 1500 people swab test today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here