കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ 55 ജീവനക്കാർ ക്വാറന്റീനിൽ

കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ 55 ജീവനക്കാർ ക്വാറന്റീനിൽ. ഡോക്ടർമാരുൾപ്പടെയാണ് നിരീക്ഷണത്തിൽ പോയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരാണിവർ.
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ 65 കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഇയാൾ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽവച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനെ തുടർന്നാണ് ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിയിലെ 55 ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട ഇവരുടെ സാമ്പിൾ ഇന്ന് തന്നെ ശേഖരിക്കും. രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഐസിയു അടച്ചു പൂട്ടി.
ഇയാളുടെ ആരോഗ്യ നിലയിലും ആശങ്കയുണ്ട്. വെന്റിലേറ്ററിൽ കഴിയുന്ന ഇയാളുടെ ജീവൻ രക്ഷിക്കാനായി പ്ലാസ് മ ചികിത്സ ആരംഭിച്ചു. ജില്ലയിൽ ആദ്യമായാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇയാളുടെ റൂപ്പ് മാപ്പ് തയാറാക്കാൻ ഇത് വരെ കഴിയാത്തതും ആശങ്കയാണ്. ഓർമ്മക്കുറവുള്ളതിനാൽ ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകുന്നില്ല. ഇതാണ് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നത്.
Story highlight: 55 employees quarantine at Kollam private medical college hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here