Advertisement

സെറ്റിയനിൽ താരങ്ങൾക്ക് അതൃപ്തി; സീസൺ അവസാനത്തോടെ പരിശീലകൻ പുറത്തേക്കെന്ന് സൂചന

June 30, 2020
2 minutes Read
Barcelona Quique Setien

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ ആഭ്യന്തര കലഹങ്ങൾ രൂക്ഷം. പുതിയ പരിശീലകൻ ക്വിക്കെ സെറ്റിയനിൽ താരങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. സെറ്റിയനു കീഴിൽ ബാഴ്സലോണയുടെ പ്രകടനം മോശമായതു കൊണ്ട് തന്നെ സീസൺ അവസാനത്തിൽ അദ്ദേഹത്തെ ക്ലബ് പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ മത്സരത്തിൽ കുഞ്ഞന്മാരായ സെൽറ്റ വിഗോയോട് 2-2 എന്ന സ്കോറിനു സമനില വഴങ്ങിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ.

കിരീടപ്പോരിൽ ചിരവൈരികളായ റയൽ മാഡ്രിഡ് കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ ബാഴ്സലോണക്ക് ഉയർത്തുന്നത്. റയൽ രണ്ടാം സ്ഥാനത്തേക്ക് ബാഴ്സലോണയെ പിന്തള്ളിക്കഴിഞ്ഞു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് പരിശീലകനെതിരെ പടയൊരുക്കം ആരംഭിച്ചത്. ലീഗ് കിരീടമോ ചാമ്പ്യൻസ് ലീഗോ നേടാൻ കഴിഞ്ഞില്ലെങ്കിൽ സെറ്റിയനെ പുറത്താക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. സെറ്റിയനിലുള്ള വിശ്വാസം കളിക്കാർക്ക് നഷ്ടപ്പെട്ടെന്നും മാനേജ്മെൻ്റിൻ്റെ പ്രതീക്ഷക്കൊത്ത് റിസൽട്ടുകൾ വരുന്നില്ല എന്നത് ചർച്ചയാവുന്നുണ്ടെന്നും സൂചനയുണ്ട്. ടീമിലെ സീനിയർ താരങ്ങളായ ലയണൽ മെസി, ജെറാർഡ് പീക്കെ തുടങ്ങിയവർക്ക് സെറ്റിയൻ്റെ തന്ത്രങ്ങളോട് എതിർപ്പാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: വാൽവെർദെ പുറത്ത്; ഇനി ബാഴ്സലോണയെ ക്വിക്കെ സെറ്റിയൻ പരിശീലിപ്പിക്കും

കഴിഞ്ഞ ജനുവരിയിലാണ് സെറ്റിയൻ സ്പാനിഷ് ഭീമന്മാരുടെ പരിശീലകനായി നിയമിതനാവുന്നത്. സൂപ്പർ കോപ്പയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ടതിനെത്തുടർന്ന് മുൻ പരിശീലകനായ ഏണസ്റ്റോ വാൽവർദെയെ ബാഴ്സ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് സെറ്റിയൻ എത്തിയത്. മുൻ താരമായിരുന്ന സാവിയെ എത്തിക്കാൻ ബാഴ്സ ശ്രമിച്ചുവെങ്കിലും താരം സമ്മതം മൂളിയില്ല. തുടർന്ന് സെറ്റിയനു നറുക്ക് വീഴുകയായിരുന്നു. റേസിംഗ്, അത്‌ലറ്റികോ മാഡ്രിഡ്, ലെവാൻ്റെ തുടങ്ങിയ ടീമുകളിൽ കളിച്ച് കരിയർ ആരംഭിച്ച സെറ്റിയൻ സ്പാനിഷ് ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. 2001ൽ റേസിംഗിൻ്റെ കോച്ചിംഗ് ഏറ്റെടുത്തു കൊണ്ടാണ് അദ്ദേഹം പരിശീലന രംഗത്തേക്ക് എത്തുന്നത്.

Story Highlights: Barcelona plan to sack coach Quique Setien

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top