വാൽവെർദെ പുറത്ത്; ഇനി ബാഴ്സലോണയെ ക്വിക്കെ സെറ്റിയൻ പരിശീലിപ്പിക്കും

സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്സലോണക്ക് പുതിയ പരിശീലകൻ. മുന്‍ റിയല്‍ ബെറ്റീസ് പരിശീലകന്‍ ക്വിക്കെ സെറ്റിയനാണ് ബാഴ്സലോണയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റത്. സൂപ്പർ കോപ്പയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ടതിനെത്തുടർന്ന് മുൻ പരിശീലകനായ ഏണസ്റ്റോ വാൽവർദെയെ ബാഴ്സ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് സെറ്റിയൻ എത്തിയത്. മുൻ താരമായിരുന്ന സാവിയെ എത്തിക്കാൻ ബാഴ്സ ശ്രമിച്ചുവെങ്കിലും താരം സമ്മതം മൂളിയില്ല. തുടർന്ന് സെറ്റിയനു നറുക്ക് വീഴുകയായിരുന്നു.
രണ്ടര വർഷത്തേക്കാണ് കരാർ. ബാഴ്സ കേളീശൈലിയുമായി ഒത്തു പോകുന്ന രീതിയായതു കൊണ്ട് തന്നെ വാൽവെർദെ മറന്ന ടിക്കി ടാക്ക ശൈലി സെറ്റിയൻ തിരികെ കൊണ്ടു വരുമെന്നാണ് കരുതപ്പെടുന്നത്. ലാ മാസിയ താരങ്ങളിൽ നിന്ന് ഫൈനൽ ഇലവനെ ഉണ്ടാക്കിയെടുത്തിരുന്ന ക്ലബ് സമീപകാലത്ത് അത് മറന്നതും സെറ്റിയൻ വരുന്നതോടെ തിരുത്തപ്പെടുമെന്ന് കരുതപ്പെടുന്നു. ബെറ്റിസിലായിരിക്കെ മികച്ച യുവതാരങ്ങളെ അദ്ദേഹം വാർത്തെടുത്തിരുന്നു.
റേസിംഗ്, അത്‌ലറ്റികോ മാഡ്രിഡ്, ലെവാൻ്റെ തുടങ്ങിയ ടീമുകളിൽ കളിച്ച് കരിയർ ആരംഭിച്ച സെറ്റിയൻ സ്പാനിഷ് ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. 2001ൽ റേസിംഗിൻ്റെ കോച്ചിംഗ് ഏറ്റെടുത്തു കൊണ്ടാണ് അദ്ദേഹം പരിശീലന രംഗത്തേക്ക് എത്തുന്നത്.
2017 മുതൽ ബാഴ്സലോണയുടെ പരിശീലകനായിരുന്ന വാൽവെർദെയുടെ കീഴിൽ രണ്ട് ലീഗ് കിരീടങ്ങള്‍ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഏറെ കൊട്ടിഘോഷിച്ച് ടീമിലെത്തിച്ച കുട്ടീഞ്ഞോയെ കൃത്യമായി ഉപയോഗിക്കാൻ വാൽവെർദെക്ക് സാധിച്ചിരുന്നില്ല. പൊസിഷൻ ഫുട്ബോളിൽ നിന്നകന്ന് റിസൽട്ട് ഓറിയൻ്റഡ് ശൈലിയിലേക്ക് ബാഴ്സയെ മാറ്റിയ അദ്ദേഹം ആരാധകരിൽ നിന്ന് ഏറെ വിമർശനം നേരിട്ടിരുന്നു. റിസൽട്ടും കളിശൈലിയും ദുർബലമായതോടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വാൽവെർദെയെ പുറത്താക്കണമെന്ന ക്യാമ്പയിനും നടത്തിയിരുന്നു.
Story Highlights: FC Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here