നിരോധനം പ്രാബല്യത്തിൽ; ഫോണുകളിൽ ടിക്ക്ടോക്ക് പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി

കേന്ദ്ര സർക്കാർ നിരോധിച്ച വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക്ടോക്ക് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. പലരും ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു എന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ മരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു.
ടിക്ക്ടോക്ക് തുറക്കുമ്പോൾ ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഒപ്പം, കേന്ദ്രം നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ തങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന സന്ദേശവും ടിക്ക്ടോക്ക് നൽകുന്നു.
Read Also: ഇന്ത്യയില്‍ ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ തീരുമാനം
ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിനുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. ഈ രണ്ട് ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ക്ടോക്ക് നീക്കം ചെയ്തിരുന്നു. ഇന്ത്യയിൽ ആപ്ലിക്കേഷന് നിരോധനം ഏർപ്പെടുത്തിയ നടപടിയെക്കുറിച്ച് ടിക്ക്‌ടോക്ക് ഇന്ത്യ പ്രതികരണം അറിയിച്ചിട്ടുണ്ട്. സർക്കാരിന് ആരോപണങ്ങളിൽ മറുപടി നൽകുമെന്നും ടിക്ക് ടോക്ക് ഇന്ത്യ മേധാവി അറിയിച്ചു.
Read Also: ബാൻ ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്
യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമുള്ള നടപടി.
Story Highlights: tiktok stops working in phones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here