പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ അന്തരിച്ചു

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ജനിച്ച രൈരു നായര്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായി. പതിനഞ്ചാം വയസില്‍ വാര്‍ധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ അദ്ദേഹം 1939 ല്‍ നാട്ടില്‍ തിരിച്ചെത്തി.
തലശേരിയിലും കോഴിക്കോടുമായി പഠനം തുടര്‍ന്നു.പഠനശേഷം ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെപിഎന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. മലേഷ്യയില്‍ ഐഎന്‍എ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് തിരിച്ചെത്തിയ ഇദ്ദേഹം സിപിഐഎം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. എകെജിയും ഇഎംഎസും അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. രൈരു നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെകെ ശൈലജ, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Story Highlights: Independent freedom fighter C. Rairu Nair passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here