ചുരുളി ഇന്ന് വൈകുന്നേരം 6 മണിക്കെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; ഒന്നും മനസ്സിലാവാതെ സോഷ്യൽ മീഡിയ

ചുരുളി ഇന്ന് വൈകുന്നേരം 6 മണിക്കെന്ന പോസ്റ്റർ പങ്കുവച്ച് ലിജോ ജോസ് പെല്ലിശ്ശേരി. എന്താണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നതെന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. 6 മണിക്ക് യൂട്യൂബിലൂടെ സിനിമ റിലീസാവാൻ സാധ്യതയുണ്ടെന്നാണ് ചിലരുടെ പക്ഷം. തൻ്റെ സിനിമ തനിക്ക് ഇഷ്ടമുള്ളതു പോലെ റിലീസ് ചെയ്യുമെന്ന് അടുത്തിടെ അദ്ദേഹം അറിയിച്ചിരുന്നത് കൊണ്ട് തന്നെ അത്തരം ഒരു സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരാധകർ പറയുന്നത്. സ്വയം നിർമ്മിച്ച സിനിമ ആയതു കൊണ്ട് തന്നെ അതും യൂട്യൂബ് റിലീസിന് സഹായകമാവും.
ജല്ലിക്കട്ടിന് ശേഷമാണ് വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നത്. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ചുരുളിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
Read Also: കണ്ടിരിക്കുന്നവരെ കുരുക്കി ‘ചുരുളി’ ട്രെയ്‌ലർ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നതും ലിജോ ജോസ് പെല്ലിശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ്. വിനോയ് തോമസിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.
പതിവ് കഥപറച്ചിൽ രീതിയിൽ നിന്ന് മാറി വ്യത്യസ്ത പ്രമേയങ്ങൾ വിസ്മയിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് ലോകശ്രദ്ധ തന്നെ നേടിയ അപൂർവം മലയാള സിനിമാ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് എന്നിവയാണ് ലിജോയുടെ മറ്റു ചിത്രങ്ങൾ.
Story Highlights: Lijo jose pellissery about churuli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here