തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക്
തിരുവനന്തപുരം എയർപോർട്ടിലെ സ്വർണക്കടത്തിൽ അന്വേഷണം രാജ്യാന്തര റാക്കറ്റുകളിലേക്ക്. കസ്റ്റഡിയിലുള്ള യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പിആർഒ ആയ സരിത്തിനെയാണ് കൊച്ചി കസ്റ്റംസിന് കൈമാറിയത്. കൂടാതെ ചില ഉന്നതന്മാരെക്കൂടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങും. അഞ്ച് പേരെക്കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. മുൻപും ഇവർ കള്ളക്കടത്ത് നടത്തിയതായാണ് സൂചന.
ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേൽ സരിത്ത് കാർഗോ വിട്ടുനൽകാൻ സമ്മർദം ചെലുത്തിയെന്നും റിപ്പോർട്ട്. കാർഗോ തുറന്നുപരിശോധിച്ചാൽ നിയമനടപടി എടുക്കുമെന്നും ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വർണ വേട്ടയിൽ കസ്റ്റംസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. യുഎഇ കോൺസൽ ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ 15 കോടി രൂപ വിലമതിക്കുന്ന മുപ്പതേ കാൽ കിലോ സ്വർണ്ണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ മുൻ ജീവനക്കാരനായിരുന്ന സരിത്തിനെ ചില വഴിവിട്ട ബന്ധങ്ങളുടെ പേരിൽ നേരത്തെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ജോലി പോയിട്ടും കോൺസുലേറ്റിലെ പിആർഒ ചമഞ്ഞ് ഒട്ടേറേ പേരെ ഇയാൾ കബളിപ്പിച്ചിരുന്നുവെന്നു കസ്റ്റംസ് കണ്ടെത്തി.
ഇന്നു തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന യുവതിയെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോൺസുലേറ്റിലെ ചില ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. സ്വർണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചിരുന്നു. 30 കിലോ സ്വർണം പിടിച്ചെടുത്ത സാഹചര്യത്തിൽ മുൻപും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന് സംശയിക്കുന്നുണ്ട്. കസ്റ്റംസ് പരിശോധന ഒഴിവാക്കാനുള്ള നയതന്ത്ര പരിരക്ഷ മറയാക്കിയാണ് സ്വർണ്ണക്കടത്ത് നടത്തി വന്നത്. ബാഗേജ് തുറന്നു പരിശോധിക്കുന്നതിനെ യുഎഇ കോൺസൽ ആദ്യം എതിർത്തതും സംശയത്തിനിടയാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.
Read Also: വൈപ്പിൻ കാളമുക്കിലെ ഹാർബർ അടച്ചു; എറണാകുളത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തം
കഴിഞ്ഞ ദിവസമാണ് 15 കോടി വിലമതിപ്പുള്ള സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പിടിച്ചെടുത്തത്. അതേസമയം ആരോപണങ്ങൾ യുഎഇ കോൺസുലേറ്റ് തള്ളി. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. എന്നാൽ പൈപ്പുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഓർഡർ നൽകിയിരുന്നില്ലെന്നും യുഎഇ കോൺസുലേറ്റ് കസ്റ്റംസിനോട് പറഞ്ഞു.
പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
thiruvanathapuram airport, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here