കൊവിഡ് വ്യാപനം: അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

lockdown kerala borders

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവസം തോറും അതിര്‍ത്തി കടന്നുള്ള പോക്ക് വരവ് അനുവദിക്കില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗത്ത്. മഞ്ചേശ്വരത്ത് നിന്ന് ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തും കാസര്‍ഗോഡുമായി വന്ന് തിരിച്ചുപോകുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ദിവസേനയുള്ള പോക്കുവരവ് അനുവദിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടവര്‍ ദിവസേന എന്നത് ഉപേക്ഷിച്ച് മാസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 65 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട് മരണവും ഇന്ന് സംഭവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 82 വയസുകാരനായ മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 66 കാരനായ യൂസഫ് എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദി സന്ദര്‍ശനം കഴിഞ്ഞ് വന്നതാണ്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. യൂസഫ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്ന ആളായിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പറായിരുന്നു ഇദ്ദേഹം. ഇരുവരുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read More: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ രോഗമുക്തരായി

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം -35, കൊല്ലം -11, ആലപ്പുഴ -15, തൃശൂര്‍ -14, കണ്ണൂര്‍ -11, എറണാകുളം -25, തിരുവനന്തപുരം -7, പാലക്കാട് -8, കോട്ടയം -6, കോഴിക്കോട് -15, കാസര്‍ഗോഡ് -6, പത്തനംതിട്ട -26, ഇടുക്കി -6, വയനാട് -8

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -7, കൊല്ലം -10, പത്തനംതിട്ട -27, ആലപ്പുഴ -7, കോട്ടയം -11, എറണാകുളം -16, തൃശൂര്‍ -16, പാലക്കാട് -33, മലപ്പുറം -13, കോഴിക്കോട് -5, കണ്ണൂര്‍ -10, കാസര്‍ഗോഡ് -12.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,927 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 1,83,291 പേരാണ് നിരികീഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,44,452 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4179 സാമ്പിളുകളുടെ ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top