കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്ക് എതിരെ വി എം സുധീരൻ

ഉത്തരേന്ത്യൻ മാഫിയ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കുട പിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസുകൾ മുക്കികളയുന്ന പതിവ് രീതി ഈ കേസിൽ ഉണ്ടാകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ വീട് സന്ദർശിക്കവെയായിരുന്നു സുധീരന്റെ പ്രതികരണം.
കെ കെ മഹേശന്റെ ആത്മഹത്യയിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് പരസ്യപ്രസ്താവന നടത്തുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശനെ പ്രതിസ്ഥാനത്ത് നിർത്തി ആയിരുന്നു വിഎം സുധീരനെ പ്രതികരണം. അതേസമയം കോൺഗ്രസ് ഒപ്പം ഉണ്ടോ എന്ന ചോദ്യത്തിന് സുധീരൻ മൗനം പാലിച്ചു.
Read Also: കേരളത്തിന്റെ കൊവിഡ് പ്രതിരോധം അപ്പടി മോശമാണ് എന്നല്ല പറഞ്ഞത്; വിശദീകരണവുമായി സനൽ കുമാർ ശശിധരൻ
കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേഷിന്റെ കുടുംബം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ ഇടപ്പെടാത്തതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളപ്പള്ളി നടേശനെയും മകൻ തുഷാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് മുൻപ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളെ മുൻനിർത്തിയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യൽ. നാല് മണിക്കൂറോളം വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു. മഹേശന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളിൽ പറയുന്ന സാമ്പത്തിക തിരിമറി, മാനസിക പീഡനം എന്നിവയെ കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞു. നൂറിൽ അധികം കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ആരോപണങ്ങൾ എല്ലാം വെള്ളാപ്പള്ളി നിഷേധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here