സ്വർണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു

swapana suresh

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. കരാർ നിയമനമായിരുന്നു സ്വപ്‌നയുടെത്. സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നൽകിയിരുന്നത്.

നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന. ജനുവരിയിൽ സ്‌പെയ്‌സ് പാർക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവർ. സ്വപ്‌നയ്ക്ക് യുഎഇ കോൺസുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവർത്തി പരിചയമുണ്ട്. ഇവരിപ്പോൾ ഒളിവിലാണെന്നാണ് വിവരം.

Read Also: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത്; മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ

അതേസമയം, കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സരിത്, കോൺസുലേറ്റ് പിആർഒ എന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ഇതുപയോഗിച്ചാണ് സരിത് സ്വർണക്കടത്ത് നടത്തി വന്നത്. സരിതിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അഞ്ച് പേർക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘം മുൻപും കള്ളക്കടത്ത് നടത്തിയെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വർണം പുറത്തെത്തിച്ചിരുന്നത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും. തുടർ നടപടിയിൽ നിയമോപദേശം തേടാനാണ് കസ്റ്റംസിന്റെ തീരുമാനം.

 

swapna suresh dismissed from it department, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top