ഇടുക്കിയിൽ നിശാപാർട്ടി നടത്തിയ റിസോർട്ടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മൊ

ഇടുക്കി രാജപ്പാറയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ റിസോർട്ടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മൊ. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജംഗിൾ പാലസ്. റിസോർട്ടിനാണ് നോട്ടിസ് നൽകിയത്. ചതുരംഗപ്പാറയ്ക്ക് സമീപം തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച ക്രഷർ യൂണിറ്റിന്റെ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ റവന്യൂ വകുപ്പ് നോട്ടിസ് നൽകിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനടക്കം 28 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തണ്ണിക്കോട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ജംഗിൾ പാലസ് റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നൽകിയത്. തണ്ണിക്കോട് ഗ്രൂപ്പ് ചതുരംഗ പാറയിൽ ആരംഭിച്ച ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ നൂറിലധികം ആളുകൾ പങ്കെടുത്തിരുന്നു. നൃത്ത പരിപാടിക്കായി വിദേശത്ത് നിന്നുള്ള നർത്തികമാരും എത്തി.. സംഭവം വിവാദമായതോടെ 47 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Read Also : ഇടുക്കിയിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാ പാർട്ടിയും
തണ്ണിക്കോട് ഗ്രൂപ്പ് ആരംഭിച്ച ക്രഷർ യൂണിറ്റിൽ അനുമതിയില്ലാതെ നിർമ്മാണ സാധനങ്ങൾ സൂക്ഷിച്ചതായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉടുമ്പൻചോല തഹസീൽദാർ നോട്ടിസ് നൽകി. അതേസമയം നിശാ പാർട്ടിയെ ചൊല്ലിയുളള രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുകയാണ്. ക്രഷർ യൂണിറ്റ് ആരംഭിക്കുവാനായി പഞ്ചായത്ത് ഭരണ സമിതി ഒരു കോടി രൂപ വാങ്ങിയെന്നാണ് കോൺഗ്രസ് ആരോപണം. നിശാ പാർട്ടിയിൽ കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾ പങ്കെടുത്തത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം.
Story Highlights – panchayat stop memo, jungle palace resort, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here