റിവേഴ്സ് ക്വാറന്റീനിൽ ഉള്ളവരുടെ കാര്യത്തിൽ നല്ല രീതിയിലുള്ള കരുതൽ വേണം: മുഖ്യമന്ത്രി

റിവേഴ്സ് ക്വാറന്റീനിൽ ഉള്ളവരുടെ കാര്യത്തിൽ നല്ല രീതിയിലുള്ള കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ശൈലിയിൽ സന്ദർശനവും പരിചയം പുതുക്കലും പാടില്ല. സാധാരണ രീതിയിൽ ഇത് തെറ്റല്ല. അത് ആവശ്യമായ കാര്യമാണ്. എന്നാൽ, ഇങ്ങനെ അസാധാരണമായ ഒരു സാഹചര്യത്തിൽ അനാവശ്യ സന്ദർശനങ്ങൾ പോലും ഒഴിവാക്കണം. അത് അവരുടെ സുരക്ഷക്ക് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് തിരുവനന്തപുരത്ത്
“സന്ദർശിക്കുന്നയാൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗവാഹകനാവാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ഒരു വീട്ടിൽ പോയി സന്ദർശനം നടത്തുന്നതോടെ റിവേഴ്സ് ക്വാറൻ്റീനിൽ കഴിയുന്നയാൾക്ക് അസുഖം പകരും. അങ്ങനെ വന്നാൽ രക്ഷപ്പെടുത്താനും ബുദ്ധിമുട്ടാവും. മറ്റുള്ളവരെ ചികിത്സിച്ച് ഭേദമാക്കുന്നതിനെക്കാൾ റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്ന അസുഖബാധിതരെ ചികിത്സിക്കുക ബുദ്ധിമുട്ടാണ്.”- മുഖ്യമന്ത്രി വിശദീകരിച്ചു.
Read Also : സംസ്ഥാനം ആശങ്കപ്പെടേണ്ട ഘട്ടമാണിത്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: മുഖ്യമന്ത്രി
“സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ല ഇതെന്ന് നാം ഉൾക്കൊള്ളണം. അതിനു കഴിയുന്നില്ലെങ്കിൽ ഇതുവരെ ചെയ്തതൊക്കെ അസ്ഥാനത്താവും. അങ്ങനെയെങ്കിൽ മുന്നറിയിപ്പുകൾക്ക് പകരം കടുത്ത നടപടികളിലേക്ക് നീങ്ങാൻ സർക്കാർ നിർബന്ധിക്കപ്പെടും. രോഗം പകരുന്ന ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ റിവേഴ്സ് ക്വാറൻ്റീനിൽ കഴിയേണ്ട ആളുകൾക്ക് പ്രത്യേക സൗകര്യമൊരുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – pinarayi vijayan about reverse quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here