ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് കൊവിഡ് ഒട്ടാകെ ബാധിക്കാൻ വലിയ കാലതാമസമുണ്ടാകില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

PINARAYI VIJAYAN

കൊവിഡിൽ കേരളത്തിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് ഒട്ടാകെ ബാധിക്കാൻ അധികം കാലതാമസം വേണ്ടിവരില്ല. ഒരു വലിയ ദുരന്തത്തേയാണ് അഭിമുഖേക്കേണ്ടി വരിക എന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലം കൊവിഡിന് മുൻപിൽ മുട്ടുമടക്കി കഴിഞ്ഞു. ബാംഗ്ലൂരിലും ചെന്നൈയിലുമെല്ലാം സ്ഥിതി രൂക്ഷമാണ്. കേരളത്തിൽ കൊവിഡ് ബാധ ഉണ്ടായതിന് ശേഷമാണ് ഇവിടങ്ങളിലെല്ലാം കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം ഒരു ക്ലസ്റ്റർ രൂപം കൊണ്ടു. പിന്നീട് മൾട്ടിപ്പിൾ ക്ലസ്റ്ററുകളുണ്ടായി. സമാന സാഹചര്യമാണ് സൂപ്പർ സ്‌പ്രെഡ്. കരുതിയില്ലെങ്കിൽ രോഗം പടർന്നേക്കാം.

Read Also : കൊവിഡ്; എറണാകുളം മെഡിക്കല്‍ കോളജിലും പ്ലാസ്മ ചികിത്സ ആരംഭിച്ചു

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന കേസുകളുടെ എണ്ണം 519 ആണ്. മരണ സംഖ്യ ഒമ്പതും ആയിരുന്നു. എന്നാൽ ഇന്ന് കേസുകളുടെ എണ്ണം 7 ലക്ഷം കടന്നു. 21000ൽ അധികം ആളുകൾ മരിച്ചു. പ്രതിസന്ധിയുടെ ആഴം മനസിലാക്കണം. രോഗം അതിന്റെ ആസുര ഭാവത്തോടെ അഴിഞ്ഞാടുന്ന സമയത്ത് പ്രതിരോധം ഉയർത്താൻ തയാറാകണം. പ്രതിരോധത്തെ ദുർബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ട് പോകരുത്. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയ രാജ്യങ്ങളുടെ അനുഭവങ്ങൾ സ്വായത്തമാകണം. ക്യൂബ, വിയറ്റ്‌നാം, തായ്‌ലന്റ് തുടങ്ങിയ വികസ്വര രാജ്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃക കാണിച്ചതെന്നും മുഖ്യമന്ത്രി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും രോഗം സ്ഥിരീകരിച്ചു. 204 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2 ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. ഇന്ന് രോഗം ഭേദമായത് 112 പേർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Story Highlights covid, pinarayi vijayan, warning

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top