എറാണാകുളത്ത് കർശന നിയന്ത്രണം; കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണാക്കി

എറണാകുളം ജില്ലയിൽ സമ്പർക്ക കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാക്കി ക്രമീകരിച്ചു. കൂടുതൽ പേരിൽ നിന്ന് ക്ലസ്റ്റർ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിക്കും. ഉറവിടം അറിയാത്ത ഒൻപത് കേസുകളാണ് ജില്ലയിൽ നിലവിൽ ഉള്ളത്.
സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയ്‌ലൻസ് ആരംഭിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം.
ആലുവ മേഖലയിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പൊലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ പരിശോധന നടത്തും.
Story Highlights – Coronavirus, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here