നായക സ്ഥാനം ഒഴിവാക്കപ്പെട്ടത് ഏറ്റവും വലിയ അനീതി; പിന്നിൽ ചാപ്പൽ മാത്രമല്ല: സൗരവ് ഗാംഗുലി

Sourav Ganguly greg chappel

ഇന്ത്യൻ ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് താൻ നേരിട്ട ഏറ്റവും വലിയ അനീതി ആയിരുന്നു എന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് പരിശീലകൻ ഗ്രെഗ് ചാപ്പൽ മാത്രമായിരുന്നില്ലെന്നും മറ്റ് പലർക്കും ഇതിൽ പങ്കുണ്ടായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ബംഗാളി ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

Read Also : ഏഷ്യാ കപ്പ് മാറ്റിവച്ചുവെന്ന് ഗാംഗുലി; ഇല്ലെന്ന് പിസിബി: തീരുമാനം വ്യാഴാഴ്ച

“അത് എൻ്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. കടുത്ത അനീതിയായിരുന്നു അത്. എല്ലായ്‌പ്പോഴും നമുക്ക് നീതി ലഭിക്കണം എന്നില്ല. എന്നാല്‍ അന്ന് അങ്ങനെ എന്നോട് പെരുമാറാന്‍ പാടില്ലായിരുന്നു. സിംബാബ്‌വെയില്‍ ഞാന്‍ നായകനായ ടീമാണ് ജയിച്ചത്. എന്നിട്ട് തിരികെ എത്തിയപ്പോഴേക്കും എന്നെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണോ ചെയ്യേണ്ടത്? 2007 ലോകകപ്പ് ഇന്ത്യക്ക് വേണ്ടി ജയിക്കുന്നത് എന്റെ സ്വപ്‌നമായിരുന്നു. അതിന് മുന്‍പ് നടന്ന ലോകകപ്പ് ഫൈനലില്‍ നമ്മള്‍ തോറ്റു. സ്വപ്‌നം കാണാന്‍ എനിക്കും കാരണങ്ങളുണ്ട്.”- ഗാംഗുലി പറഞ്ഞു.

“എനിക്ക് കീഴില്‍ സ്വദേശത്തും വിദേശത്തും ടീം അഞ്ച് വര്‍ഷമായി മികവ് കാണിക്കുകയായായിരുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ പെട്ടെന്ന് ടീമിൽ നിന്ന് ഒഴിവാക്കി. ആദ്യം നിങ്ങള്‍ പറഞ്ഞു ഞാന്‍ ഏകദിന ടീമില്‍ ഇല്ലെന്ന്. പിന്നെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കി. ഇക്കാര്യത്തിൽ ഗ്രെഗ് ചാപ്പലിനെ മാത്രമല്ല ഞാന്‍ കുറ്റപ്പെടുത്തുക. ചാപ്പലാണ് എല്ലാം തുടങ്ങി വെച്ചത് എന്നതില്‍ സംശയമില്ല. അദ്ദേഹം വളരെ പെട്ടെന്നാണ് എനിക്കെതിരെ ബോര്‍ഡിന് മെയില്‍ അയക്കുന്നതും, അത് ചോരുന്നതും. അങ്ങനെയൊക്കെ സംഭവിക്കുമോ?”- ഗാംഗുലി ചോദിക്കുന്നു.

Read Also : ഡ്രസിംഗ് റൂമിലെ വല്യേട്ടൻ; ഗാംഗുലിക്ക് ഇന്ന് 48ആം പിറന്നാൾ

“ക്രിക്കറ്റ് ടീം എന്നാൽ കുടുംബം പോലെയാണ്. അതിൽ അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളുണ്ടാവും. എന്നാൽ, അതൊക്കെ സംസാരിച്ച് പരിഹരിക്കണം. നിങ്ങൾ പരിശീലകനാണെങ്കിൽ, മറ്റേതെങ്കിലും രീതിയിൽ ഞാൻ കളിക്കേണ്ടതുണ്ടെങ്കിൽ അത് എന്നോട് പറയണം. കളിക്കാരനായി ടീമിൽ തിരികെ എത്തിയപ്പോൾ അദ്ദേഹം അത് പറഞ്ഞിരുന്നു. പിന്നെ എന്തുകൊണ്ട് നേരത്തെ അത് പറഞ്ഞില്ല? മറ്റുള്ളവരും നിരപരാധികളല്ല. ടീം തെരഞ്ഞെടുപ്പിൽ ഒന്നും പറയാൻ കഴിയാത്ത ഒരു വിദേശ പരിശീലകന് ഒരു ക്യാപ്റ്റനെ പുറത്താക്കാൻ കഴിയില്ല. സിസ്റ്റത്തിൻ്റെ മുഴുവൻ പിന്തുണ ഇല്ലാതെ അതിനാവുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനായി എല്ലാവരും ഒന്നിച്ച് നിന്നു.”- ഗാംഗുലി പറഞ്ഞു.

2005ലാണ് ഗാംഗുലി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താവുന്നത്. ഒരു വർഷത്തിനു ശേഷം ടീമിലേക്ക് തിരികെയെത്തിയ അദ്ദേഹം ബാറ്റിംഗ് ടെക്നിക്ക് മാറ്റി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു.

Story Highlights Sourav Ganguly reveals how he was dropped from Indian team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top