ഡ്രസിംഗ് റൂമിലെ വല്യേട്ടൻ; ഗാംഗുലിക്ക് ഇന്ന് 48ആം പിറന്നാൾ

sourav ganguly 48th birthday

കണ്ടു മറന്ന ഒരു സീൻ:

2000 ആണ്ടുകളുടെ തുടക്കം. ഒരു ഏകദിന മാച്ചിന്റെ അഞ്ചാം ഓവർ. ഇന്ത്യ ബാറ്റ് ചെയ്യുന്നു. വിക്കറ്റുകളൊന്നും നഷ്ടമായിട്ടില്ല. പേസർ പന്തെറിയുന്നു. പോയിന്റ്, ഗള്ളി, കവർ, എക്സ്ട്രാ കവർ, മിഡ് ഓഫ്, പിന്നെ ഡീപ് സ്ക്വയർ തേർഡ്/ഡീപ് പോയിന്റ് എന്നിവിടങ്ങളിലൊക്കെ ഫീൽഡർമാർ. ഓഫ് സ്റ്റമ്പിനു പുറത്ത് ഒരു ഗുഡ് ലെംഗ്ത് അല്ലെങ്കിൽ ഫുൾ ബോൾ. ഫ്രണ്ട് ഫുട്ട് മാറ്റി ഹിറ്റിംഗ് ആർക്ക് ഓപ്പണാക്കുന്ന ബാറ്റ്സ്മാൻ. അടുത്ത സീൻ വല നെയ്തിരിക്കുന്ന ഈ ഫീൽഡർമാർക്കിടയിലൂടെ പന്ത് ഓഫ് സൈഡിലെ ആഡ് ബോർഡുകളിലിടിച്ച് വിശ്രമിക്കുന്നതാണ്.

മാച്ചിന്റെ മധ്യ ഓവറുകൾ. സ്പിന്നർ പന്തെറിയുന്നു. ലോംഗ് ഓൺ, ലോംഗ് ഓഫ്, ഡീപ് മിഡ് വിക്കറ്റ് എന്നിവിടങ്ങളിൽ ഫീൽഡർമാർ. പന്ത് റിലീസ് ചെയ്യുമ്പോഴേക്കും ഒരു റോയൽ സ്കിപ്. താളബദ്ധമായി രണ്ട് ചുവട് ക്രീസ് വിട്ടിറങ്ങി ബാറ്റ്സ്മാന്റെ ഉയർന്ന ബാക്ക് ലിഫ്റ്റും മനോഹരമായ ഫോളോ ത്രൂവും. പന്ത് ലോംഗ് ഓൺ കാണികളിലേക്ക്.

Read Also : ധോണി മികച്ച ഫിനിഷറല്ല, മികച്ച താരം തന്നെയാണ്; മായങ്ക് അഗർവാളിനെ തിരുത്തി സൗരവ് ഗാംഗുലി: വീഡിയോ

സൗരവ് ഗാംഗുലിയുടെ ഏറ്റവും ഐക്കോണിക്കായ ഏരിയകളായിരുന്നു ഇത്. ഓഫ് സൈഡ് ദൈവം എന്ന അപരനാമം അറിഞ്ഞു തന്നെ നൽകിയതാണ്. ഷോർട്ട് ബോളുകൾ കൊണ്ട് പലപ്പോഴും ഗാംഗുലിയെ ബൗളർമാർ വീഴ്ത്തിയെങ്കിലും ഓഫ് സൈഡിൽ ലഭിക്കുന്ന നേരിയ റൂമിനവസാനം പന്ത് കിടക്കേണ്ടത് ബൗണ്ടറിയിലാണെന്ന തിരിച്ചറിവിൽ അത്രയേറെ സൂക്ഷ്മമായി ബൗളർമാർക്ക് പന്തെറിയേണ്ടി വന്നിരുന്നു. കരിയർ ആരംഭിക്കുമ്പോൾ തന്നെ ഷോർട്ട് ബോളുകൾ കളിക്കേണ്ടതെങ്ങനെയെന്ന് ഗാംഗുലിക്ക് അറിയുമായിരുന്നില്ല. തീരെ അതോറിറ്റിയില്ലാതെ അയാൾ ആ സമയത്ത് ഒരു അമച്വർ ക്രിക്കറ്ററെപ്പോലെയാകുമായിരുന്നു‌. എന്നിട്ടും സൗരവ് ഗാംഗുലി തുടർച്ചയായി കണ്ണ് ചിമ്മിത്തുറന്ന് ഇന്ത്യൻ ജേഴ്സിയിൽ നിറഞ്ഞു നിന്നത് 16 വർഷങ്ങളോളമാണ്‌.

2000ലാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായക പദവിയിലെത്തുന്നത്. സച്ചിൻ തെണ്ടുൽക്കർ കയ്യൊഴിഞ്ഞ ഒരു ടീം. ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങൾ, കോഴ വിവാദം. ഒരു വലിയ ചുമതലയായിരുന്നു അത്. സൗരവ് ഗാംഗുലി ദാദയായി. ടീം അംഗങ്ങളെയും ക്രിക്കറ്റ് ബോർഡിനെയും സെലക്ടർമാരെയുമടക്കം ദാദ ഒരു ചരടിൽ കോർത്തു. ടീം ഹഡിലിനു തുടക്കമിട്ടു. സമനിലയല്ല, ജയമാണ് വേണ്ടതെന്ന് പറഞ്ഞു പഠിപ്പിച്ചു‌. പൊരുതിക്കീഴടങ്ങുന്നത് ജയത്തിനു തുല്യമാണെന്ന് മനസ്സിലാക്കിക്കൊടുത്തു. സ്ലെഡ്ജിംഗും അഗ്രഷനും ഏറ്റാൽ ഓസ്ട്രേലിയക്കും പൊള്ളുമെന്ന് കാണിച്ചു തന്നു. പതിനൊന്ന് പേരായി കളത്തിലിറങ്ങിയവരെ ഒരു ടീമായി മാറ്റിയതായിരുന്നു ഗാംഗുലിയുടെ ആദ്യത്തെ വിജയം. അവിടെ നിന്ന് ഇന്ത്യയെ ലോകകപ്പ് ഫൈനൽ വരെ എത്തിച്ചു. ഒരു തലമുറയെ വിശ്വസിക്കാൻ പഠിപ്പിച്ചത് ദാദയാണ്.

ഇന്ത്യൻ ടീം അന്നും ശക്തമായിരുന്നു. പക്ഷേ, അന്നത്തെ മറ്റ് ടീമുകൾ, പ്രത്യേകിച്ചും, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഒരു പരിധി വരെ ന്യൂസിലൻഡ് ടീമുകൾ ഇന്ത്യയെക്കാൾ വളരെ കരുത്തരായിരുന്നു. അവരെയൊക്കെ പലപ്പോഴും വിറപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യൻ ക്രിക്കറ്റിനു വളക്കൂറായത്. സമനിലയ്ക്ക് കളിച്ചിരുന്നത് ജയത്തിനു ശ്രമിക്കാനുള്ള മാനസികാവസ്ഥയ്ക്കു വഴിമാറിയത് ദാദയുടെ പിടിവാശികൾ കൊണ്ടായിരുന്നു. ഗാംഗുലി വെട്ടിയ വഴിയേ ആണ് ധോണി നടന്നത്.

Read Also : ഇന്ത്യയുടെ ഏറ്റവും മികച്ച നായകൻ സൗരവ് ഗാംഗുലി; ഷൊഐബ് അക്തർ

ഓപ്പണിംഗ് സ്ഥാനം സ്വയം ത്യജിച്ച് നജഫ്ഗഡിൽ നിന്നെത്തിയ കൂറ്റനടിക്കാരൻ ചെക്കനെ പകരം ക്രീസിലേക്കിറക്കിയപ്പോൾ ഇന്ത്യക്ക് ലഭിച്ചത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളെയായിരുന്നു. ഇപ്പോഴും, എൻ്റെ കരിയർ മാറ്റിമറിച്ചത് ദാദയാണെന്ന് സേവാഗ് പറയും. ടീം എന്നതിനപ്പുറം ബ്രദർഹുഡ് എന്ന വൈകാരികതയും വല്യേട്ടൻ എന്ന ബോധവും മനപൂർവമോ അല്ലാതെയോ ഡ്രസിംഗ് റൂമിൽ ദാദ കൊണ്ടുവന്നിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് യുവിയും കൈഫും ഹർഭജനുമൊക്കെ ഗാംഗുലിയെ ഇന്നും ഒരു ജ്യേഷ്ഠസഹോദരനായി അവരോധിച്ചിരിക്കുന്നത്. സ്റ്റീവ് വോയെ പലതവണ ടോസിനായി കാത്തുനിർത്തിയും ഇംഗ്ലീഷുകാരൻ്റെ വരേണ്യബോധത്തിൻ്റെ നെറുകം തലയിൽ ചവിട്ടി നിന്ന് ജഴ്സി ഊരി വീശിയും സൗരവ് ഛണ്ഡീദാസ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ കുത്തിവച്ചത് പോരാട്ടവീര്യത്തിൻ്റെ പാഠങ്ങളായിരുന്നു.

‘അവൻ മുൻനിരയിൽ തന്നെ ബാറ്റ് ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം.’- ഇന്നലെ എം എസ് ധോണിയെപ്പറ്റി ഗാംഗുലി പറഞ്ഞതാണ്. ലോകകപ്പ് സെമിഫൈനലിൽ ‘ഞാൻ കൊണ്ടുവന്ന പയ്യനാണ്. അവനുള്ളപ്പോൾ ഇന്ത്യ തോൽക്കാനോ’ എന്ന് അഭിമാനത്തോടെ ദാദ പറഞ്ഞതും ധോണിയെ ചൂണ്ടിയായിരുന്നു. റാഞ്ചിയിൽ നിന്നുള്ള എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ തുടർച്ചയായി പരാജയപ്പെടുമ്പോഴും അവനെ ടീമിൽ നിലനിർത്തി, മൂന്നാം നമ്പറിൽ അവനെ ഇറക്കിവിട്ട് ലോകത്തിനു മുഴുവൻ അവൻ്റെ പൊട്ടൻഷ്യൽ കാണിച്ചുകൊടുത്ത ദാദ ഇന്ത്യൻ ക്രിക്കറ്റിനു സമ്മാനിച്ചത് ഇന്ത്യ കണ്ട ഏറ്റവും സക്സസ്ഫുളായ ഒരു ക്യാപ്റ്റനെക്കൂടിയായിരുന്നു. ഇപ്പോഴും ധോണിയെപ്പറ്റി പറയുമ്പോൾ ദാദയുടെ ശബ്ദത്തിലുണ്ടാവുന്ന അഭിമാനം തന്നെ ഇന്ത്യൻ താരങ്ങൾക്ക് ആരായിരുന്നു ഗാംഗുലി എന്നതിന് ഉദാഹരണമാണ്. ഹർഭജനു വേണ്ടിയും കുംബ്ലെക്ക് വേണ്ടിയും സെലക്ടർമാരോട് കലഹിച്ച ദാദ അനഭിമതനായത് നിലപാടുകൾ കൊണ്ട് തന്നെയായിരുന്നു.

ഹാപ്പി ബർത്ത് ഡേ ദാദ.

Story Highlights sourav ganguly 48th birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top