കോഴിക്കോട് യുവമോർച്ചയുടെ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി; പ്രവർത്തകർക്ക് പരുക്ക്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിവീശി. കോഴിക്കോട് കളക്ടറേറ്റ് പരിസരത്തു വെച്ച് നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഭവം. ലാത്തി ചാർജിൽ 10 പ്രവർത്തകർക്ക് പരുക്കു പറ്റിയെന്നാണ് പ്രാധമിക വിവരം.
കളക്ടറേറ്റ് പരിസരത്തെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തിയിരുന്നു. ഇവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവത്തകർ കളക്ടറേറ്റിനു മുന്നിൽ കുത്തിയിരിക്കുകയും സമാധാനപരമായി പ്രതിഷേധം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, ഉദ്ഘാടന ചടങ്ങിനു ശേഷം ഇത് വീണ്ടും അക്രമാസക്തമായി. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച് കളക്ടറേറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി തവണ ജലപീരങ്കി പ്രയോഗം നടത്തിയിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. തുടർന്ന് പൊലീസ് ഗ്രനേഡ് എറിഞ്ഞു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. ഇതോടെ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ അത് കൂട്ടാക്കിയില്ല. തുടർന്നാണ് ലാത്തി ചാർജ് ഉണ്ടായത്. തുടർന്ന് കളക്ടറേറ്റിനു മുന്നിൽ നിന്ന് പിരിഞ്ഞു പോയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകർ തന്നെയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പൊലീസിൻ്റെ ഗ്രനേഡ് പ്രയോഗത്തിനിടെ ഒരു മാധ്യമ പ്രവർത്തകനും പരുക്കേറ്റു.
Story Highlights – yuvamorcha march kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here