Advertisement

കൊവിഡ് പ്രതിരോധം: വെളിച്ചം കെടുത്തുന്ന ഈയാംപാറ്റകളെ പോലെ ആകരുത്: മന്ത്രി കെ കെ ശൈലജ

July 11, 2020
8 minutes Read
k k shailaja

സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ലെന്നും കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകില്ല. ആയിരക്കണക്കിന് മനുഷ്യരുടെ ആറു മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണത്. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളന്റിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം. സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല.

മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്. അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക. മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം.

പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക. കേരളത്തിന്റെ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കണെന്നും മന്ത്രി പറഞ്ഞു.

Story Highlights covid Resistance, k k shailaja, facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top