വ്യക്തിശുചിത്വം മുഖ്യം: ഓട്ടോറിക്ഷയിൽ വാഷിംഗ് ബേസിൻ, സാനിറ്റൈസർ, വൈഫൈ; കയ്യടിച്ച് ആനന്ദ് മഹീന്ദ്ര; വീഡിയോ വൈറൽ

Mumbai autorikshaw installs Washbasin Sanitiser Wi Fi Anand Mahindra Impressed

കൊവിഡ് പിടിമുറുക്കിയതോടെ ഇടയ്ക്കിടെ കൈ കഴുകുക എന്നത് നമ്മുടെയെല്ലാം ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു. പലപ്പോഴും സോപ്പവും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ സാധിക്കാത്തതിനാൽ ഹാൻഡ് സാനിറ്റൈസർ വണ്ടിയിലും ഹാൻഡ് ബാഗിലും പോക്കറ്റിലുമെല്ലാം കരുതുകയാണ് നാം. ഇത്തരത്തിൽ കൊവിഡ് പ്രതിരോധത്തിനായി ആവുന്നതെല്ലാം ചെയ്ത് മനുഷ്യരാശി മുന്നോട്ട് പോകുമ്പോൾ മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു മുഖമാണ്.

മുംബൈയിലെ ഒരു ഓട്ടോറിക്ഷാ തൊഴിലാളി തന്റെ വാഹനത്തിൽ ഒരു വാഷിംഗ് ബേസിൻ തന്നെ ഒരുക്കിയിരിക്കുകയാണ്. യാത്രക്കാരുടെ വ്യക്തി ശുചിത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ലിക്വിഡ് ഹാൻഡ് വാഷിനൊപ്പം ഹാൻഡ് സൈനിറ്റൈസറും കരുതിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം.

മുംബൈയിലെ ആദ്യ ‘ഹോം സിസ്റ്റം ഓട്ടോ’ എന്നാണ് ഈ ഓട്ടോറിക്ഷയ്ക്ക് നൽകിയിരിക്കുന്ന വിശേഷണം. വാഷിംഗ് ബേസിന് പുറമെ ഉണങ്ങിയ മാലിന്യങ്ങളും നനവുള്ള മാലിന്യങ്ങളും നിക്ഷേപിക്കാൻ പ്രത്യേകം കുട്ടകൾ, ചെറിയ വാട്ടർ ടാങ്ക്, കണ്ണാടി, അലങ്കാരത്തിനായി പൂച്ചട്ടികൾ എന്നിവയുമുണ്ട്.

വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, ‘ടെക്ക്‌നിക്കലി’യും ഈ ഓട്ടോ മുന്നിൽ തന്നെ. വൈഫൈ, സ്മാർട്ട് ഫോൺ ചാർജിംഗ് പോർട്ട്, മൊബൈൽ കണക്ടടായ ടിവി, ബ്ലൂടൂത്ത് സ്പീക്കർ, ഫാൻ അടക്കം എല്ലാ സൗകര്യങ്ങളും യാത്രക്കാർക്കായി ഈ ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്.

ഇതൊന്നും കൂടാതെ മുതിർന്ന പൗരന്മാർക്ക് ആദ്യ ഒരു കിലോമീറ്റർ സൗജന്യമാണ്. നവദമ്പതികൾക്ക് യാത്ര സൗജന്യമാണ്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെയെന്ന് കരുതി ബിഎംസി കൊവിഡ് ഹെൽപ്‌ലൈൻ നമ്പറുകളും മറ്റഅ കൊവിഡ് മാർഗ നിർദേശങ്ങളും ഓട്ടോറിക്ഷയിൽ എഴുതിവച്ചിട്ടുണ്ട്.

ഓട്ടോയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ആനന്ദ് മഹീന്ദ്ര വീഡിയോ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

Story Highlights Mumbai auto rickshaw installs Washbasin Sanitiser Wi Fi , Anand Mahindra Impressed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top