Advertisement

‘കേസുമായി യാതൊരു ബന്ധവുമില്ല, പക്ഷേ പ്രചരിക്കുന്ന ചിത്രം തന്റേത്’ ഫൈസൽ ഫരീദ് 24നോട്

July 12, 2020
2 minutes Read
faizal fareed

സ്വർണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫൈസൽ ഫരീദ് ട്വന്റിഫോറിനോട്. എന്നാൽ തിരുവനന്തപുരം സ്വർണക്കടത്ത് കേസ് മൂന്നാം പ്രതി ഫാസൽ ഫരീദ് ആണെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തന്റെതാണ്. പ്രതികളെ ആരെയും അറിയില്ലെന്നും ഫൈസൽ ഫരീദ് 24നോട് പറഞ്ഞു. ഒരു അന്വേഷണ സംഘവും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണുണ്ടായത്. ആദ്യം സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പ്രചരിക്കുകയായിരുന്നു. പിന്നീട് നാട്ടിലുള്ളവരും സുഹൃത്തുക്കളും ഒക്കെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യാൻ ആരംഭിച്ചു. രാഷ്ട്രീയ പ്രവർത്തകർ വീട്ടിൽ വന്ന് പ്രശ്‌നമുണ്ടാക്കാനൊക്കെ തുടങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഉപദ്രവം ചെറുതായി കൂടിത്തുടങ്ങിയിരുന്നുവെന്നും ഫൈസൽ.

Read Also : ഫാസൽ ഫരീദിനെ വിട്ടുകിട്ടാൻ എൻഐഎ യുഎഇയോട് ആവശ്യപ്പെടും

കേസിലെ ആരെയും നേരിട്ട് അറിയില്ല. തീവ്രവാദ ബന്ധമുണ്ടെന്നും തീവ്രവാദിയെ ജയിലിൽ പോയി കണ്ടെന്നും ഒക്കെ വാർത്തകളുണ്ട്. പക്ഷെ താനുമായി ഇതിനൊന്നും ഒരു ബന്ധവുമില്ലെന്നും ഫൈസൽ ഫരീദ് 24 നോട് വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി ഫാസൽ ഫരീദിനായി എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. ഫാസലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ഏജൻസി ആവശ്യപ്പെടും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഫാസൽ താമസിക്കുന്നത് ദുബായ് അൽ-റാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നുണ്ട്. ഫാസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയിൽ ആണ് ഫാസലിന്റെ വീട്. 19ാം വയസിൽ ഗൾഫിലേക്ക് പോയ ഫാസൽ 2003ൽ ആണ് ആദ്യമായി വിദേശത്തെത്തിയത്. സ്വർണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം.

കേസിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി റിമാൻഡ് ചെയ്തത്. എൻഐഎ പ്രത്യേക കോടതി ജഡ്ജ് പി കൃഷ്ണ കുമാറിന്റേതാണ് നടപടി. അതേസമയം, കസ്റ്റഡി അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടില്ല. റിമാൻഡ് കാലയളവിൽ സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായി കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് എൻഐഎയുടെ തീരുമാനം.

Story Highlights fasal fareed, faisal fareed, gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top