Advertisement

സംസ്ഥാനത്ത് കൊവിഡ് രൂക്ഷം; പരീക്ഷാ തിയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

July 12, 2020
2 minutes Read
kannur university exam date

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്നതിനിടയിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. ഈ മാസം 23നാണ് പരീക്ഷകൾ തുടങ്ങുക. വിവിധ ക്യാമ്പസുകളിലെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ 23നു തുടങ്ങുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കണ്ടയ്ന്മെൻ്റ് സോണുകൾ നിലനിൽക്കുന്നതിൻ്റെ പശ്ചാത്തലത്തിലും സമ്പർക്കത്തിലൂടെയുള്ള കേസുകൾ അധികരിക്കുന്ന സാഹചര്യത്തിലും പരീക്ഷകൾ നടത്താനുള്ള സർവകലാശാലയുടെ തീരുമാനം പുനപരിശോധിക്കേണ്ടതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Read Also : കേരളാ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ പലയിടത്തും ഹോസ്റ്റൽ സൗകര്യം ഇല്ല. പേയിംഗ് ഗസ്റ്റ് ആയും വീടുകൾ വാടകക്ക് എടുത്തുമൊക്കെയാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. എന്നാൽ, ഈയൊരു ഘട്ടത്തിൽ അത് പ്രായോഗികമല്ലെന്നും അപകടം ക്ഷണിച്ചു വരുത്തുന്നതാവുമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. കൃത്യമായി ഗതാഗത സൗകര്യം ലഭിക്കാത്ത ഈ സമയത്ത് വീടുകളിൽ നിന്ന് പോയിവരുന്നവർക്ക് പോലും യാത്ര ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു അവസരത്തിൽ പരീക്ഷാ കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതുക എന്നത് ഏറെ അപകടം പിടിച്ചതാവുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

പരീക്ഷാ തിയതി സർവകലാശാലയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച പത്രങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പ് വന്നിരുന്നു എന്ന് വിദ്യാർത്ഥികൾ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർ, കേരള ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ എന്നിവർക്കൊക്കെ വിദ്യാർത്ഥികൾ ഇ-മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ, ഇതിനൊന്നും മറുപടി ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.

Read Also : കൊവിഡ്; കേരള സർവകലാശാലയിൽ നിയന്ത്രണം

അതാത് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിർദ്ദേശം അനുസരിച്ച് ഒന്നാം വർഷ സെമസ്റ്റർ പരീക്ഷയുടെ നിലവാരമനുസരിച്ച് മാർക്ക് നിജപ്പെടുത്തി മുന്നോട്ടു പോവുക എന്നീ നിർദ്ദേശങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്നത്.

Story Highlights kannur university declared exam date

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top