ചെല്ലാനത്ത് സമ്പർക്ക രോഗബാധിതർ 103; സൂപ്പർ സ്‌പ്രെഡിന് സമാനമായ സാഹചര്യം

എറണാകുളത്തെ തീരദേശ മേഖലയായ ചെല്ലാനത്ത് കൊവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്നു. ചെല്ലാനത്ത് മാത്രം സമ്പർക്ക രോഗബാധിതർ 103 ആയി. ഇവിടെ സൂപ്പർ സ്‌പ്രെഡിന് സമാനമായ സാഹചര്യമെന്നാണ് വിലയിരുത്തൽ. എറണാകുളം ജില്ലയിൽ നാല് ദിവസത്തിനിടെ 126 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
എറണാകുളം ജില്ലയിൽ സമ്പർക്ക രോഗ വ്യാപനത്തിന്റെ തോത് വർധിക്കുകയാണ്. തീരദേശ മേഖലയായ ചെല്ലാനത്ത് നിശബ്ദ വ്യാപനത്തിന്റെ സൂചനകൾ ശക്തമാണ്. 103 പേർക്കാണ് ചെല്ലാനത്ത് മാത്രം സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. പ്രദേശത്ത് ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്. ചെല്ലാനത്ത് കൊവിഡ് കെയർ സെന്റർ തുടങ്ങാൻ തീരുമാനമായി. ചെല്ലാനം സെന്റ് ആന്റണീസ് പള്ളിയുടെ ഹാൾ ഏറ്റെടുത്ത് 50 കിടക്കകളുള്ള കൊവിഡ് സെന്റർ തുടങ്ങും.
ഒരു ദിവസം പ്രദേശത്ത് നിന്ന് 226 പേരുടെ സാമ്പിളുകൾ ശേഖരിക്കാൻ ക്രമീകരണമൊരുക്കിയിട്ടുണ്ട്.
Read Also : അടുത്ത മാസം അവസാനത്തോടെ ഓരോ ജില്ലകളിലും 5000 രോഗികൾ വരെ; സ്ഥിതി ആശങ്കാജനകം
ആലുവ നഗരസഭാ പരിധി, കുട്ടമശ്ശേരി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും ആശങ്ക വർധിക്കുകയാണ്. ഇതുവരെ ഇരുപത്തഞ്ചിലധികം പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്ത കുട്ടമശ്ശേരിയിൽ വളയിടൽ ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ് ബാധിച്ചു. ചടങ്ങ് നടത്തിയവർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. 89 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിലെ 57 കണ്ടെയ്ൻമെന്റ് സോണുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിനിടെ അങ്കമാലി അഡ്‌ലക്‌സ് കൊവിഡ് സെന്ററിൽ രോഗബാധിതർ പ്രതിഷേധിച്ചു. പരിശോധനാ ഫലം വൈകുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
Story Highlights – Chellanam, Covid 19, Super Spread
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here