Advertisement

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 432 പേര്‍ക്ക്; ജില്ലകളിലെ സമ്പര്‍ക്ക കണക്കുകളും കണ്ടെയ്ന്‍മെന്റ് സോണുകളും

July 15, 2020
Google News 2 minutes Read
corona through contact

സംസ്ഥാനത്ത് ഇന്ന് 432 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേര്‍ക്കും, എറണാകുളം ജില്ലയിലെ 64 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 63 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 42 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 21 പേര്‍ക്കും, കൊല്ലം ജില്ലയിലെ എട്ടു പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ ആറു പേര്‍ക്കും, മലപ്പുറം ജില്ലയിലെ നാലു പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ മൂന്നു പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി.

എറണാകുളം

എറണാകുളം ജില്ലയില്‍ ആലുവ, ചെല്ലാനം, കീഴ്മാട് പഞ്ചായത്തുകളാണ് രോഗബാധ കൂടുതലായുള്ള പ്രദേശങ്ങള്‍. ഇന്ന് സ്ഥിരീകരിച്ച 72 പേരില്‍ സമ്പര്‍ക്കം 64 പേരും ഈ പ്രദേശങ്ങളില്‍ നിന്നാണ്. പ്രദേശത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്ലാനം പഞ്ചായത്തില്‍ ആകെ 544 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 70 ഫലങ്ങള്‍ പോസിറ്റീവ് ആയി. ആലുവയില്‍ 516 പേരുടെ പരിശോധന നടത്തി. 59 പേരാണ് ആലുവയില്‍ പോസിറ്റീവ് ആയത്. എറണാകുളം മാര്‍ക്കറ്റില്‍ 182 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. 20 പേരുടെ ഫലം പോസിറ്റീവ് ആയി.

ഇടുക്കി

ഇടുക്കി ജില്ലയില്‍ രാജാക്കാട് മേഖലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടുതലാണ്. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് ജില്ലയില്‍ 55 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയ വെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പര്‍ക്കംമൂലം രോഗം കൂടുതലുള്ള മേഖല. കണ്ണൂര്‍ വിമാനത്താവള ഡ്യൂട്ടിയിലുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇവിടെ താമസിക്കുന്നത്. ഇതിനകം 70ലേറെ പേര്‍ക്ക് ഇവിടെ കൊവിഡ് ബാധയുണ്ടായി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് സന്ദര്‍ശിച്ച് ക്വാറന്റീന്‍ ശക്തിപ്പെടുത്താന്‍ ക്രമീകരണങ്ങള്‍ നടത്തി.

കണ്ണൂര്‍ ജില്ലയില്‍ കന്റോണ്‍മെന്റ് ഏരിയയിലെ ഡിഎസ്‌സി സെന്ററിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധയുണ്ടായത്. കൂടുതലും സമ്പര്‍ക്കം വഴിയാണ്. ഡിഎസ്‌സി സെന്റര്‍ ഉള്‍പ്പെടുന്ന കന്റോണ്‍മെന്റ് ഏരിയയിലെ ആറ് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. നൈറ്റ് കര്‍ഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികില്‍സയ്ക്കായി ആര്‍മി ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ സമ്പര്‍ക്ക രോഗബാധ കൂടിയ സ്ഥലങ്ങളോ പ്രത്യേക ക്ലസ്റ്ററുകളോ രൂപപ്പെട്ടിട്ടില്ല.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ബിഎസ്എഫ് ക്യാമ്പ് കൈനൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, തൃശൂര്‍ കോര്‍പറേഷന്‍, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പൊറത്തിശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ന്‍മെന്റ് സോണ്‍, പെരിമീറ്റര്‍, ബഫര്‍ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

വയനാട്

വയനാട് ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കൊവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളും നിലവിലില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം, മുള്ളന്‍കൊല്ലി പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മീനങ്ങാടി പഞ്ചായത്ത് പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ നിലവില്‍ കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ചേര്‍ത്തല താലൂക്കും കായംകുളം നഗരസഭയും മറ്റ് ആറ് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

കാസര്‍ഗോഡ്

കാസര്‍കോട് ജില്ലയില്‍ സ്ഥിതി വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കമൂലമാണ് രോഗമുണ്ടായത്. ഒന്‍പത് പേരുടെ ഉറവിടമറിയില്ല. സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള പഞ്ചായത്തുകള്‍ ചെങ്കള, മധൂര്‍ എന്നിവയാണ്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂരില്‍ 15 പേരും കൊവിഡ് ബാധിതരായി.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ 64 പേര്‍ക്ക് ഇന്ന് രോഗബാധയുണ്ടായതില്‍ ഒരാള്‍ മാത്രമാണ് പുറത്തുനിന്ന് വന്നത്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടം അറിയില്ല. തൂണേരി, നാദാപുരം പഞ്ചായത്തുകളാണ് ജില്ലയില്‍ സമ്പര്‍ക്കംമൂലം രോഗബാധ കൂടുതലുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടുപേരില്‍നിന്നാണ് ഇവിടങ്ങളില്‍ 53 പേര്‍ക്ക് രോഗം പകര്‍ന്നത്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് കേസുകള്‍ കൂടിവരുന്നത് പൊന്നാനി താലൂക്കിലാണ്. പൊന്നാനി നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് നടത്തിവരുന്നു. അതിതീവ്ര മേഖലയായ പൊന്നാനിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനിയും രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല.

കോട്ടയം

കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളത് പാറത്തോട് ഗ്രാമപഞ്ചായത്തിലാണ്. ഇന്നു മാത്രം അവിടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ എട്ടാം വാര്‍ഡില്‍ 15 പേര്‍ കൊവിഡ് ബാധിതരാണ്. ഇതുവരെ ജില്ലയില്‍ സമ്പര്‍ക്കം മുഖേന 72 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയയിലുണ്ടായിരുന്ന 14 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇവര്‍ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ ചവറ, പന്മന, ശാസ്താംകോട്ട, പോരുവഴി, വെളിയം, ഗ്രാമ പഞ്ചായത്തുകളാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ നഗരസഭയിലെ കുമ്പഴ മേഖലയാണ് രോഗബാധ കൂടിയ സ്ഥലം. ഇന്ന് രോഗബാധയുണ്ടായ 64 പേരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. നാലുപേരുടെ ഉറവിടം അറിയില്ല.

Story Highlights covid confirmed 432 people in kerala today through contact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here