കൊവിഡ് പ്രതിരോധം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കി: മുഖ്യമന്ത്രി

PINARAYI VIJAYAN

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വപരമായ പങ്കാണ് വഹിക്കുന്നത്. പ്രാദേശിക തലത്തില്‍ സൗകര്യങ്ങളും ഏകോപനവും ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങി. ഇതിനായുള്ള ചെലവുകള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാന്‍ ഫണ്ടാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. മൂന്നാം ഗഡു അടുത്തയാഴ്ച അനുവദിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍, ആശുപത്രികള്‍ക്കുള്ള അധിക സഹായം, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കല്‍, കമ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പ് ഇങ്ങനെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ഡിപിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവാക്കാവുന്നതാണ്. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ഏര്‍പ്പെടുത്തും.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഡിപിസിഎല്‍ ഇത്തരം പ്രോജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ പ്രോജക്ടുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പണത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക ജില്ലാ കളക്ടറില്‍ നിന്ന് റീ ഇംപേഴ്‌സ്‌മെന്റായി അനുവദിക്കും. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പണം പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കും.

ദുരിതാശ്വാസ നിധിയില്‍ നിന്നും ആവശ്യമായ അധികപണം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ, ആവശ്യാനുസരണം ചെലവഴിക്കുന്നതിന് സിഎംഡിആര്‍എഫില്‍ നിന്ന് അധിക പണം ലഭ്യമാക്കുന്നാതാണ്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായി പ്രതിസന്ധി ഉണ്ടാകരുത് എന്നതിനാലാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയത്. പണമില്ലെന്ന കാരണത്താല്‍ കൊവിഡ് പ്രതിരോധം മുടങ്ങരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid, local bodies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top