കൊവിഡ് വാക്‌സിനുമായി അമേരിക്കൻ കമ്പനി; ശ്രമം 90 ശതമാനം വിജയമെന്ന് സൂചന

കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കത്തിൽ വലിയ മുന്നേറ്റം. മോഡേണ കമ്പനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്ന് നടത്തിയ വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമം തൊണ്ണൂറ് ശതമാനവും വിജയമാണെന്നാണ് സൂചന. എന്നാൽ മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകൾ കൂടി തുടർന്ന ശേഷമേ മരുന്നിന് സർക്കാർ അംഗീകാരം നൽകുകയുള്ളൂ.
ഈ വർഷം തന്നെ വാക്‌സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഗപ്രതിരോധശേഷി കൂട്ടുന്നതാണ് വാക്‌സിൻ. പതിനെട്ടിനും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്‌സിൻ പരീക്ഷിച്ചത്. വാക്‌സിൻ ഉപയോഗിച്ചവരിൽ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ ഉത്പാദനം ഇരട്ടിയായി. എന്നാൽ കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തിയാലേ വാക്‌സിൻ പൂർണ വിജയമെന്ന് പറയാനാകൂ. ഇപ്പോഴത്തേത് നല്ല വാർത്തയാണെന്ന് അമേരിക്കയിലെ മുതിർന്ന ആരോഗ്യ വിദഗ്ധൻ ഡോ.ആന്റണി ഫൗച്ചി പ്രതികരിച്ചു.
Read Also : കൊവിഡ് വാക്‌സിൻ ഭാരത് ബയോടെക് മേധാവി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചുവോ? [24 fact check]
ചെറിയ പാർശ്വഫലങ്ങൾ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി. ക്ഷീണം, വിറയൽ, തലവേദന, പേശിവേദന തുടങ്ങിയവയാണ് പൊതുവായ പാർശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലെ ലേഖനത്തിൽ പറയുന്നു. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കിൽ ഈ വർഷം 50 കോടി വാക്സിന്‍ ഉത്പാദിപ്പിക്കാനാണ് മോഡേണ കമ്പനി ലക്ഷ്യമിടുന്നത്. 2021 ഓടെ ഇത് ഇരട്ടിയാക്കും.
Story Highlights – covid vaccine, american company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here