കാസര്‍ഗോഡ് വീണ്ടും സ്ഥിതി രൂക്ഷമാകുന്നു; കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ ആളുകള്‍ എത്തുന്നത് ആശങ്കയാകുന്നു

കാസര്‍കോട് ജില്ലയില്‍ സ്ഥിതി വീണ്ടും രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കമൂലമാണ് രോഗമുണ്ടായത്. ഒന്‍പത് പേരുടെ ഉറവിടമറിയില്ല. സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള പഞ്ചായത്തുകള്‍ ചെങ്കള, മധൂര്‍ എന്നിവയാണ്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂരില്‍ 15 പേരും കൊവിഡ് ബാധിതരായി. കര്‍ണാടകയില്‍ നിന്ന് ഊടുവഴികള്‍ വഴി ആളുകള്‍ അനധികൃതമായി കടന്നുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഊടുവഴികളിലൂടെ ഉള്ള അനധികൃതമായ കടന്നുവരവ് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട്ട് ജില്ലയില്‍ 64 പേര്‍ക്ക് ഇന്ന് രോഗബാധയുണ്ടായതില്‍ ഒരാള്‍ മാത്രമാണ് പുറത്തുനിന്ന് വന്നത്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടം അറിയില്ല. തൂണേരി, നാദാപുരം പഞ്ചായത്തുകളാണ് ജില്ലയില്‍ സമ്പര്‍ക്കംമൂലം രോഗബാധ കൂടുതലുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടുപേരില്‍നിന്നാണ് ഇവിടങ്ങളില്‍ 53 പേര്‍ക്ക് രോഗം പകര്‍ന്നത്.
മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് കേസുകള്‍ കൂടിവരുന്നത് പൊന്നാനി താലൂക്കിലാണ്. പൊന്നാനി നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് നടത്തിവരുന്നു. അതിതീവ്ര മേഖലയായ പൊന്നാനിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനിയും രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Kasargod covid, cm talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here