കൊവിഡ് വ്യാപനം രൂക്ഷം: കൂടുതൽ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക്. ബിഹാറിൽ നാളെ മുതൽ ഈമാസം 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഞായറാഴ്ച്ച വരെ ലോക്ക്ഡൗൺ നീട്ടി.
കർണാടകയിൽ രോഗവ്യാപനം രൂക്ഷമായതോടെ കൂടുതൽ മേഖലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ ഈ മാസം 22 വരെയാണ് കടുത്ത നിയന്ത്രണങ്ങൾ. ദക്ഷിണ കർണാടകയിൽ ഇന്ന് അർധരാത്രി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. ധാർവാഡിൽ ഇന്ന് രാത്രി പത്ത് മുതൽ ജൂലൈ 24 വരെയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഉഡുപ്പി ജില്ലയുടെ അതിർത്തികൾ ഇന്ന് രാത്രി എട്ട് മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 87 മരണവും 2496 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 4526 പുതിയ കേസുകളും 67 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 1,47,324ഉം ആകെ മരണം 2099ഉം ആയി. ചെന്നൈയിൽ ആകെ കേസുകൾ 79,662 ആയി ഉയർന്നു. ഡൽഹിയിൽ 35 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,15,346ഉം ആകെ മരണം 3,446ഉം ആയി. ഉത്തർപ്രദേശിൽ 1656ഉം പശ്ചിമ ബംഗാളിൽ 1390ഉം ഗുജറാത്തിൽ 915ഉം രാജസ്ഥാനിൽ 635ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചെലവിനായി 15,000 രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.
പഞ്ചാബ് ഗ്രാമ വികസന മന്ത്രി തൃപ്ത് രജീന്ദർ സിംഗ് ബാജ്വായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ പങ്കെടുത്ത എം.പിമാർ സ്വയം നിരീക്ഷണത്തിൽ പോയി.
Story Highlights – more indian states declare complete lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here